കുവൈത്തിലെ സ്‌കൂളുകളില്‍ പൂര്‍ണതോതില്‍ ഓഫ്ലൈന്‍ ക്ലാസുകള്‍ പുനരാരംഭിക്കാന്‍ അനുമതി
ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച പശ്ചാത്തലത്തില്‍ രണ്ടാം സെമസ്റ്ററിന്റെ ആരംഭത്തോടെ സ്‌കൂളുകളില്‍ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നതിനായുള്ള ഒരുക്കത്തിലാണ് കുവൈത്ത് വിദ്യാഭ്യാസമന്ത്രാലയം. നിലവിലെ തടസങ്ങള്‍ പരിഹരിക്കുന്നതിനാണ് മുന്‍ഗണന. വിദ്യാഭ്യാസ മന്ത്രി ഡോ. അലി അല്‍ മുദഫിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നുണ്ട്. സ്‌കൂളുകള്‍ പൂര്‍ണാര്‍ത്ഥത്തില്‍ തുറക്കുന്നതിനുള്ള നടപടിക്രമങ്ങളും പ്രധാനപ്പെട്ട തടസ്സങ്ങളും യോഗം അവലോകനം ചെയ്യും. വിദ്യാര്‍ത്ഥികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു പഠനമാരംഭിക്കാനാണ് ആലോചിക്കുന്നത്. ഫര്‍ണിച്ചറുകളുടെ കുറവ്, ക്ലസ്സ്മുറികളുടെയും എയര്‍ കണ്ടീഷനുകളുടെയും അറ്റകുറ്റപണികള്‍ എന്നിവ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗതാഗത സൗകര്യങ്ങളും ഉച്ചഭക്ഷണവും സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല .