ആശുപത്രികളെ ‘സുരക്ഷിത മേഖലകളാ’യി പ്രഖ്യാപിക്കണം: ഐ.എം.എ

0

ആശുപത്രികളെ ‘സുരക്ഷിത മേഖലകളായി’ പ്രഖ്യാപിച്ച് രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും മതിയായ സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. കേരളത്തിൽ ആശുപത്രികൾക്കും ഡോക്ടർമാർക്കും എതിരെ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന അക്രമണങ്ങൾക്കെതിരെ ശക്തിയായി പ്രതികരിക്കാൻ ഐഎംഎ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി പതിമൂന്നാം തീയതി കൂടിയ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 270ാമതു പ്രവർത്തകസമിതി യോഗത്തിലാണ് തീരുമാനം. ചികിത്സക്കിടയിൽ രോഗാവസ്ഥ കാരണം സംഭവിക്കാവുന്ന മരണങ്ങൾ ഉണ്ടായാൽ ഡോക്ടർമാർക്കും നഴ്‌സുമാർക്കും ആശുപത്രി ജീവനക്കാർക്കുമെതിരെ ആക്രമണങ്ങൾ നടത്തുന്ന പ്രവണത വർദ്ധിച്ചു വരുന്നു. പലപ്പോഴും സാമൂഹ്യ വിരുദ്ധരും അക്രമവാസനയുള്ള ചില രാഷ്ട്രീയക്കാരുമാണ് പ്രതികൾ. ആശുപത്രി അക്രമണങ്ങൾ തടയുന്നതിൽ സർക്കാർ പരാജയപ്പെടുന്നു എന്നു പ്രവർത്തകസമിതിയോഗം വിലയിരുത്തി. ഒട്ടുമിക്ക സംഭവങ്ങളിലും പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും ശിക്ഷാനടപടികൾക്കു വിധേയരാക്കുന്നതിലും പൊലീസ് പരാജയപ്പെടുന്നുവെന്നും ഭാരവാഹികൾ ആരോപിച്ചു.

You might also like