ചരിത്രത്തിലാദ്യമായി സൗദി കരസേനാ മേധാവി ഇന്ത്യയില്‍
ദില്ലി: റോയൽ സൗദി ലാൻഡ് ഫോഴ്‌സ് മേധാവി (Commander of the Royal Saudi Land Forces) ലെഫ്. ജനറൽ ഫഹദ് ബിൻ അബ്ദുല്ല മുഹമ്മദ് അൽ മുതൈർ (Lieutenant General Fahd Bin Abdullah Mohammed Al-Mutair) ഇന്ത്യയിലെത്തി. ചരിത്രത്തിലാദ്യമായാണ് സൗദി കരസേനാ മേധാവി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ ശക്തമാവുന്ന ഉഭയകക്ഷി പ്രതിരോധ സഹകരണമാണ് (bilateral defence cooperation) ഇത് അടയാളപ്പെടുത്തുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 2020 ഡിസംബറിൽ ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം.എം നരവനെ, സൗദി അറേബ്യ സന്ദർശിച്ചിരുന്നു. ചരിത്രത്തില്‍ ഒരു ഇന്ത്യൻ കരസേനാ മേധാവിയുടെ ആദ്യ സൗദി സന്ദർശനമായിരുന്നു അത്. ഇതിന്റെ തുടര്‍ച്ചയായാണ് റോയൽ സൗദി ലാൻഡ് ഫോഴ്‌സ് മേധാവിയുടെ ഇന്ത്യാ സന്ദര്‍ശനം. ദില്ലിയിലെത്തിയ ലെഫ്. ജനറൽ ഫഹദ് ബിൻ അബ്ദുല്ല മുഹമ്മദ് അൽ മുതൈറിനെ ചൊവ്വാഴ്‍ച കരസേനാ മേധാവി ജനറൽ എം. എം. നരവനെ സ്വീകരിച്ചു. തുടര്‍ന്ന് സൗത്ത് ബ്ലോക്കില്‍ അദ്ദേഹത്തിന് സൈന്യം ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി. ഇരു രാജ്യങ്ങളുടെയും കരസേനാ മേധാവിമാര്‍ വിവിധ വിഷയങ്ങളില്‍ ചർച്ചകള്‍ നടത്തുകയും സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു.