ഹൈപ്പർസോണിക്, ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ച് റഷ്യ; മുൾമുനയിൽ യുക്രൈൻ
യുക്രൈനിൽ യുദ്ധഭീതി തുടരുന്നതിനിടെ വൻനാശം വിതക്കാൻ ശേഷിയുള്ള മിസൈൽ പരീക്ഷണവുമായി റഷ്യ. ഹൈപ്പർസോണിക്, ക്രൂയിസ്, ആണവവാഹിനിയായ ബാസിസ്റ്റിക് മിസൈലുകളാണ് കഴിഞ്ഞ ദിവസം റഷ്യ വിജയകരമായി പരീക്ഷിച്ചത്. റഷ്യൻ സൈനിക മേധാവി വലേറി ജെറാസിമോവ് ആണ് പരീക്ഷണവിവരം പുറത്തുവിട്ടത്. പരീക്ഷണം നടത്തിയ എല്ലാ മിസൈലുകളും ലക്ഷ്യസ്ഥാനത്തു തന്നെ പതിച്ചെന്ന് ജെറാസിമോവ് അറിയിച്ചു. ലക്ഷ്യംവച്ച പോലെത്തന്നെ എല്ലാം സജ്ജമാണെന്ന് വ്യക്തമാക്കുന്നതാണ് പരീക്ഷണം. റഷ്യയുടെ തന്ത്രപ്രധാന പ്രത്യാക്രമണ സേനയുടെ പ്രകടനം കൂടുതൽ കാര്യക്ഷമമാക്കുകയായിരുന്നു മിസൈൽ പരീക്ഷണങ്ങളുടെ പ്രധാന ലക്ഷ്യം. ശത്രുവിനെതിരെയുള്ള കൃത്യമായ ആക്രമണം ഉറപ്പാക്കുകയായിരുന്നു ഉന്നംവച്ചതെന്നും റഷ്യൻ ജനറൽ സ്റ്റാഫ് മേധാവി വലേറി ജെറാസിമോവ് കൂട്ടിച്ചേർത്തു.