ഇന്ന് മുതൽ എല്ലാ ക്ലാസിലും മുഴുവൻ സമയം അധ്യയനം; സംസ്ഥാനത്തെ സ്‌കൂളുകൾ സാധാരണ നിലയിലേക്ക്
സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനം ഇന്ന് മുതൽ സാധാരണ നിലയിലാകും.നീണ്ട ഇടവേളയ്ക്കു ശേഷം മുഴുവൻ കുട്ടികളെയും സ്വീകരിക്കാനായി സ്‌കൂളുകൾ ഒരുങ്ങിക്കഴിഞ്ഞു.തിരുവനന്തപുരം പട്ടം ഗവൺമെൻറ് ഹൈസ്‌കൂളിലാണ് സ്‌കൂൾ തുറക്കലിൻറെ സംസ്ഥാനതല ഉദ്ഘാടനം. രണ്ടു വർഷത്തിന് ശേഷമാണ് സ്‌കൂളുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നത്. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലായി 47 ലക്ഷം വിദ്യാർഥികൾ ക്ലാസുകളിലേക്കെത്തും. രണ്ടുലക്ഷത്തിലധികം അധ്യാപകരും ഇരുപത്തി രണ്ടായിരത്തോളം അനധ്യാപകരും വിദ്യാർഥികൾക്കൊപ്പം സ്‌കൂളുകളിലേക്കെത്തും. ഇതിനുമുന്നോടിയായി സ്‌കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. പുതുക്കിയ മാർഗരേഖ പ്രകാരം ഷിഫ്റ്റുകളില്ലാതെ വൈകുന്നേരം വരെയാകും ക്ലാസുകൾ. ശനിയാഴ്ചകളും പ്രവൃത്തിദിനങ്ങളായിരിക്കും. 10, 12 ക്ലാസുകളിൽ അടുത്തമാസമാകും പൊതു പരീക്ഷ നടത്തുക. പരീക്ഷക്ക് മുമ്പായി പാഠഭാഗങ്ങൾ പൂർത്തിയാക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. ഒന്ന് മുതൽ 10 വരെ 38 ലക്ഷവും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഏഴര ലക്ഷത്തോളവും വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ അറുപതിനായിരത്തോളം വിദ്യാർഥികളും ക്ലാസുകളിലെത്തും. ഒരു ലക്ഷത്തിൽപരം അധ്യാപകരും സ്‌കൂളുകളിലുണ്ടാകും.