സൗദിയിലേക്കുള്ള പ്രവാസികളുടെ മടക്കയാത്ര വിമാനത്താവളത്തിൽ വെച്ച് മുടങ്ങുന്നതായി പരാതി
സൗദിയിലേക്കുള്ള മടക്കയാത്ര വിമാനത്താവളങ്ങളിൽ വെച്ച് മുടങ്ങുന്നതായി യാത്രക്കാരുടെ പരാതി. ബൂസ്റ്റർ ഡോസ് എടുക്കാതെ ഇമ്മ്യൂൺ പദവി നഷ്ടമാകുന്നവർക്ക് ബോർഡിങ് പാസ് ലഭിക്കാത്തതാണ് യാത്ര മുടങ്ങാൻ കാരണം. പ്രത്യേക പരിഗണന നൽകി ബൂസ്റ്റർ ഡോസ് നൽകാൻ സർക്കാർ തയ്യാറാകണമെന്നാണ് പ്രവാസികളുടെ ആവശ്യം. സൗദിയിലേക്കുള്ള മടക്കയാത്രയിൽ വിമാനത്താവളങ്ങളിൽ വെച്ച് മടങ്ങിപ്പോകേണ്ടിവരുന്നതായി നിരവധി യാത്രക്കാരാണ് പരാതി പറയുന്നത്. സൗദിയിൽ ഫെബ്രുവരി മുതൽ ബൂസ്റ്റർ ഡോസ് നിർബന്ധമായതോടെയാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടത്. രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ച് എട്ട് മാസം പിന്നിട്ടാൽ തവക്കൽനാ ആപ്പിലെ ഇമ്മ്യൂൺ പദവി നഷ്ടപ്പെടുന്നതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഇങ്ങിനെ ഇമ്മ്യൂൺ പദവി നഷ്ടപ്പെടുന്നവർക്ക് വിമാന കമ്പനികൾ ബോഡിങ് പാസ് അനുവദിക്കാത്തതിനാൽ യാത്ര മുടങ്ങുന്നതായി നിരവധി യാത്രക്കാർ പരാതിപ്പെടുന്നു. സൗദി അംഗീകരിച്ച കോവിഷീൽഡ് ബൂസ്റ്റർ ഡോസായി നാട്ടിൽ വെച്ച് സ്വീകരിച്ചാൽ ഈ പ്രതിസന്ധി മറികടക്കാനാകും. എന്നാൽ നിലവിൽ രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം പിന്നിട്ട 60 വയസ്സ് പൂർത്തിയായവർക്ക് മാത്രമേ നാട്ടിൽ നിന്ന് ബൂസ്റ്റർ ഡോസ് വിതരണം ചെയ്യുന്നുള്ളൂ. പ്രവാസികൾക്ക് പ്രത്യേക പരിഗണന നൽകി, ബൂസ്റ്റർ ഡോസ് വേഗത്തിൽ നൽകാൻ സർക്കാർ തയ്യാറായാൽ ഈ യാത്രാ പ്രതിസന്ധിക്ക് പരിഹാരമാകും.