ആണവ ഭീഷണിയുമായി പുട്ടിൻ; ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് സജ്ജമാകാൻ നിർദേശം

0



മോസ്കോ: ആണവ ഭീഷണിയുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് പുട്ടിൻ നിർദേശം നൽകി. പാശ്ചാത്യ രാജ്യങ്ങളെ രൂക്ഷമായി വിമർശിച്ച പുട്ടിൻ, റഷ്യയ്ക്കെതിരെ നാറ്റോ പ്രകോപനപരമായ പ്രസ്താവനകൾ പുറത്തിറക്കുന്നെന്നും അഭിപ്രായപ്പെട്ടതായാണ് റിപ്പോർട്ട്. റഷ്യൻ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് നാറ്റോ റഷ്യയെ പ്രകോപിപ്പിക്കുന്നതായി പുട്ടിൻ പറഞ്ഞത്.

ആണവ പ്രതിരോധ സേനയെ സ്പെഷ്യൽ ഡ്യൂട്ടിയിൽ ഉൾപ്പെടുത്താൻ പ്രതിരോധ മന്ത്രിക്കും സൈനിക മേധാവിക്കും പുട്ടിൻ നിർദേശം നൽകിയെന്നാണ് വിവരം. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യയ്ക്കു മേൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം കടുപ്പിക്കുന്നതും നാറ്റോ സഖ്യം യുക്രെയ്നെ സഹായിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമാണ് ഇത്തരത്തിൽ ഒരു ഉത്തരവിനു പിന്നിലെന്നാണ് റിപ്പോർട്ട്.

‘റഷ്യയോടുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട് സൗഹാർദപരമല്ല. സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതു മാത്രമല്ല, നാറ്റോ നേതാക്കൾ നമ്മുടെ രാജ്യത്തിനെതിരെ വളരെ പ്രകോപനപരമായ പ്രസ്താവനകളും പുറപ്പെടുവിക്കുന്നു.’– പുട്ടിൻ ടെലിവിഷൻ ചാനലിനെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു.

യുക്രെയ്നിലെ സംഘർഷത്തിൽ നേരിട്ട് ഇടപെടുന്ന ഏതൊരു രാജ്യത്തിനും എതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യ പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആണവ ശക്തിയാണ് റഷ്യ. ആണവായുധങ്ങൾ സജ്ജമാക്കാനുള്ള പുട്ടിന്റെ നിർദേശം അതിനാൽ തന്നെ കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.

You might also like