റഷ്യക്ക് മേൽ ഉപരോധം കടുപ്പിച്ച് ലോകരാഷ്ട്രങ്ങൾ
യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി ലോകരാഷ്ട്രങ്ങൾ. റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിന് തന്നെ ഉപരോധം ഏർപ്പെടുത്തുകയാണെന്ന് അമേരിക്ക അറിയിച്ചു. അമേരിക്ക, ബ്രിട്ടൺ, കാനഡ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങളും യൂറോപ്യൻ യൂണിയനും റഷ്യക്ക് മേലുള്ള ഉപരോധം കടുപ്പിക്കുകയാണ്. ആഗോള തലത്തിൽ പുടിനെ ഒറ്റപ്പെടുത്തുകയാണ് ലക്ഷ്യം. സെൻട്രൽ ബാങ്ക് ഉൾപ്പെടെയുള്ള റഷ്യയിലെ ബാങ്കുകൾക്ക് മേൽ യുഎസ് ഉപരോധം കൂടുതൽ ശക്തമാക്കി. സ്വിഫ്റ്റിൽ നിന്ന് റഷ്യൻ ബാങ്കുകളെ മാറ്റിനിർത്തുമെന്ന് അമേരിക്ക അറിയിച്ചു. യുക്രൈനിലെ റഷ്യയുടെ സൈനിക നടപടി അംഗീകരിക്കാനാകാത്തതാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കുറ്റപ്പെടുത്തി. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി റഷ്യയുടെ 12 യു.എൻ പ്രതിനിധികളെ അമേരിക്ക പുറത്താക്കി. ഈ മാസം ഏഴിനകം രാജ്യം വിടണമെന്നാണ് നിർദേശം. യു.എസ് തീരുമാനം നീതികരിക്കാനാകാത്തതാണെന്ന് റഷ്യ പ്രതികരിച്ചു.