യുക്രൈന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥ സന്നദ്ധതയുമായി സൗദി അറേബ്യ
റിയാദ്: റഷ്യക്കും (Russia) യുക്രൈനുമിടയില്‍ (Ukraine) മധ്യസ്ഥതക്ക് സന്നദ്ധത അറിയിച്ച് സൗദി അറേബ്യ (Saudi Arabia). ഇന്നലെ രാത്രിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും (Vladimir Putin) യുക്രൈയിന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലെന്‍സ്‌കിയുമായി (Volodymyr Zelenskyy) നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ (Mohammed bin Salman ) രാജകുമാരന്‍ സംഘര്‍ഷത്തില്‍ ഇരു കക്ഷികള്‍ക്കുടയില്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാമെന്ന് വാക്ക് നല്‍കിയത്. പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുമുള്ള രാഷ്ട്രീയ പരിഹാരത്തിലേക്ക് നയിക്കുന്ന ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണയ്ക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞതായി സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യയിലുള്ള യുക്രൈനിയന്‍ സന്ദര്‍ശകര്‍, ടൂറിസ്റ്റുകള്‍, തൊഴിലാളികള്‍ എന്നിവരുടെ വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കുമെന്ന് പ്രസിഡന്റ് സെലന്‍സ്‌കിയെ മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു.