മരിയുപോളിലെ രണ്ടാമത്തെ വെടിനിര്‍ത്തലും പാളി; ജനങ്ങളെ ഒഴിപ്പിക്കാനായില്ലെന്ന് യുക്രൈന്‍
റഷ്യയുടെ കനത്ത ആക്രമണം നേരിടുന്ന മരിയുപോൾ നഗരത്തിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ രണ്ടാമത് പ്രഖ്യാപിച്ച വെടിനിർത്തലും പാളി. റഷ്യ വെടിനിർത്തൽ പാലിക്കാതെ ഷെല്ലിങ് തുടർന്നതിനാൽ സുരക്ഷിതമെന്നു കരുതിയിരുന്ന മേഖലകളിൽ പോലും ഷെല്ലാക്രമണം രൂക്ഷമായതോടെ ഒഴിപ്പിക്കൽ മാറ്റിവെച്ചതായി യുക്രൈൻ അറിയിച്ചു. മരിയുപോളിൽ നിന്നു 2 ലക്ഷം പേരെ ഒഴിപ്പിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും ചുരുക്കം പേർക്കു മാത്രമാണു പുറത്തെത്താനായത്. ഇവിടെ വെള്ളവും വൈദ്യുതിയും നിലച്ചിരിക്കുകയാണ്. കിയവിൽ നിന്ന് 250 കിലോമീറ്റർ അകലെ പടിഞ്ഞാറൻ യുക്രൈനിലെ സ്റ്ററോ കോസ്റ്റ്യാന്‍റിനിവ് വ്യോമതാവളം ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചു തകർത്തെന്നു റഷ്യ അറിയിച്ചു. യുക്രൈന്‍റെ എസ് 300 മിസൈൽ സംവിധാനവും 10 പോർവിമാനങ്ങളും തകർത്തെന്ന് റഷ്യയും പറഞ്ഞു.