യുക്രൈനിലെ നാല് നഗരങ്ങളില്‍ താല്‍ക്കാലിക വെടി നിര്‍ത്തല്‍
യുക്രൈനിലെ നാല് നഗരങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. തലസ്ഥാനമായ കീവ്, ഖാര്‍ക്കിവ്, മരിയുപോള്‍, സുമി എന്നീ സ്ഥലങ്ങളിലാണ് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30നാണ് വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ അഭ്യര്‍ത്ഥന അനുസരിച്ചാണ് റഷ്യന്‍ പ്രസിഡന്റ് താല്‍ക്കാലികമായി ആക്രമണം നിര്‍ത്തിവെച്ചത്. അതേസമയം, യുക്രൈനില്‍ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ ആക്രമണം നടത്തി. ലുഹാന്‍സ്‌കിലെ എണ്ണ സംഭരണ ശാലയ്ക്ക് തീപിടിച്ചു. സ്ഫോടനം ഉച്ചത്തിലുള്ളതും വ്യക്തമായി കേള്‍ക്കാവുന്നതുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. രാവിലെ 6:55 ന് ഉണ്ടായ സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ എണ്ണ ഡിപ്പോയില്‍ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ആളപായമുണ്ടോയെന്ന് വ്യക്തമല്ല, അത്യാഹിത വിഭാഗങ്ങള്‍ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.