ഉപരോധങ്ങളുടെ ആഘാതം കുറയ്ക്കാൻ റഷ്യ; 200ലധികം ഉത്പന്നങ്ങളുടെ കയറ്റുമതി നിരോധിച്ചു
യുഎസും യൂറോപ്യൻ രാജ്യങ്ങളും തുടർച്ചയായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന ഉപരോധങ്ങൾക്കു മറുപടിയായി റഷ്യ ഇന്നലെ ഇരുനൂറിലധികം വിദേശനിർമിത വസ്തുക്കളുടെ കയറ്റുമതി നിരോധിച്ചു. പാശ്ചാത്യ ഉപരോധങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്. മറ്റു രാജ്യങ്ങളിൽ നിന്നു നേരത്തെ റഷ്യയിലേക്ക് ഇറക്കുമതി ചെയ്ത കാറുകൾ, ടെലികോം, ടെക്നോളജി, കൃഷി മേഖലകളിലെ ഉൽപന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്കാണ് ഈ വർഷം അവസാനം വരെ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. റഷ്യയുമായി സൗഹൃദത്തിലല്ലാത്ത നടപടികൾക്കു തുനിഞ്ഞ രാജ്യങ്ങളിലേക്കുള്ള മരത്തിന്റെ കയറ്റുമതിയും നിരോധിക്കും. യുഎസും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമുൾപ്പെടെ 48 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെ ആണ് ഇതു ബാധിക്കുക. മറ്റു രാജ്യങ്ങളെ സമ്മർദത്തിലാക്കുക എന്നതിനെക്കാൾ ഉപരോധം റഷ്യയുടെ ആഭ്യന്തര വിപണിയിൽ ക്ഷാമം സൃഷ്ടിക്കാതിരിക്കാനാണ് നേരത്തെ ഇറക്കുമതി ചെയ്ത ഉൽപന്നങ്ങൾ വീണ്ടും കയറ്റുമതി ചെയ്യുന്നത് നിരോധിച്ചത്. പാശ്ചാത്യ ഉപരോധങ്ങൾ മൂലം ഊർജമേഖലയിൽ വിലക്കയറ്റമുണ്ടായതോടെ യൂറോപ്പിലെ സ്റ്റീൽ, രാസവള ഫാക്ടറികളും പേപ്പർ മില്ലുകളും പൂട്ടിത്തുടങ്ങി. റഷ്യയിൽ നിന്നും യുക്രെയ്നിൽ നിന്നുമുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ലഭ്യത കുറഞ്ഞതും റഷ്യയിൽ നിന്ന് ഇവ വാങ്ങുന്നത് യുഎസ് വേണ്ടെന്നു വച്ചതുമാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിനു കാരണം. പ്രമുഖ രാസവള നിർമാതാക്കളായ യാര കഴിഞ്ഞ ദിവസം ഉൽപാദനം നിർത്തിയിരുന്നു. ഇറ്റലിയിലെയും ഓസ്ട്രിയയിലെയും പ്രമുഖ പേപ്പർ മില്ലുകളും പൂട്ടി. സ്റ്റീൽ ഫാക്ടറികൾക്കും താഴു വീഴുന്നതോടെ യൂറോപ്പിലെ നിർമാണ മേഖലയും പ്രതിസന്ധിയിലാകും.