‘ആ രോഗാണുക്കളെ നശിപ്പിക്കൂ, ഇല്ലെങ്കിൽ അപകടം’; യുദ്ധത്തിനിടെ യുക്രെയ്ൻ ലാബുകളോട് ലോകാരോഗ്യ സംഘടന
റഷ്യൻ സൈനികാക്രമണം കനത്തിരിക്കെ യുക്രെയ്നോട് രാജ്യത്തെ ലാബുകളിലെ അപകടകാരികളായ രോഗാണുക്കളുടെ സാമ്പിളുകൾ നശിപ്പിക്കാൻ ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന. റഷ്യൻ ആക്രമണത്തിൽ ലാബുകൾ തകർന്ന് രോഗാണുക്കൾ പടർന്നാൽ ലോകത്ത് മഹാമാരികൾ പടർന്നു പിടിക്കാൻ സാധ്യതയുള്ളതിനാലാണ് ഇത്തരമാെരു നിർദ്ദേശം. രാജ്യത്തെ ലാബുകളിൽ ശാസ്ത്ര പഠനങ്ങളുടെ ഭാഗമായി വിവിധ തരത്തിലുള്ള രോഗാണുക്കളുടെ മേൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. റഷ്യൻ ആക്രമണത്തിൽ ലാബുകൾ തകർന്നാൽ അതീവ സുരക്ഷയിൽ സൂക്ഷിച്ചിരിക്കുന്ന രോഗാണുക്കൾ പുറത്തേക്ക് വ്യാപിക്കാനിടയാവും. നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടി ബയോ സെക്യൂരിറ്റി വിദഗദ്ധർ രംഗത്ത് വന്നിരുന്നു. മറ്റ് പല രാജ്യങ്ങളിലും ഇത്തരം ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് ഉൾപ്പെടെയുള്ള വൈറസ് രോഗങ്ങളുടെ ഭീഷണി എങ്ങനെ ലഘൂകരിക്കാമെന്നാണ് ഇത്തരം ലാബുകളിൽ നടക്കുന്ന പഠനം. യുക്രെ്യനിലെ ലാബുകൾക്ക് അമേരിക്കയുടെയും ലോകാരോഗ്യ സംഘടനയുടെയും യൂറോപ്യൻ യൂണിയന്റെയും പിന്തുണയുണ്ട്.