നഷ്ടപരിഹാരം കിട്ടി പുനരധിവാസം ഉറപ്പാക്കിയിട്ട് മാത്രം മാറിയാൽ മതി
ചെങ്ങന്നൂർ: കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പ്രദേശത്ത് സ്ഥലം നഷ്ടമാകുന്നവര്‍ നഷ്ടപരിഹാരം കിട്ടി പുനരധിവാസം ഉറപ്പാക്കിയിട്ട് മാത്രം മാറിയാല്‍ മതിയെന്ന് മന്ത്രി സജി ചെറിയാന്‍.
എല്‍ഡിഎഫ് നിയോജകണമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന വികസന സെമിനാറിലാണ് കെ റെയില്‍ സ്ഥലമെടുപ്പ് സംബന്ധിച്ച നടപടികള്‍ മന്ത്രി വ്യക്തമാക്കിയത്.
പണം കിട്ടി പുനരധിവാസം ഉറപ്പാക്കി അക്കൗണ്ടില്‍ പണം കിട്ടിയ ശേഷം മാത്രം മാറിയാല്‍ മതി. അല്ലാതെ ഒരാളിനേയും മാറ്റില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും നൂറ് ശതമാനം ഉറപ്പ് കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
പദ്ധതിക്കായി ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മുളക്കുഴ, വെണ്‍മണി വില്ലേജുകളിലായി 24.93 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്. മുളക്കുഴയില്‍ 21.87 ഹെക്ടറും വെണ്‍മണിയില്‍ 2.06 ഹെക്ടറും.
മുളക്കുഴയില്‍ 9 കിലോമീറ്ററും വെണ്‍മണിയില്‍ 1.70 കിലോമീറ്ററും ഉള്‍പ്പടെ 10.70 കിലോമീറ്റര്‍ നീളത്തിലുമാണ് റെയില്‍വേ ലൈന്‍ കടന്നു പോകുന്നത്. ഇതില്‍ 7.13 കിലോമീറ്റര്‍ തൂണുകളില്‍ കൂടിയാണ് പോകുന്നത്. 15 മുതല്‍ 25 മീറ്റര്‍ വരെയാണ് വീതിയെടുക്കുന്നത്. 67 വീടുകള്‍ പൂര്‍ണമായും 43 വീടുകള്‍ ഭാഗികമായും മാറ്റേണ്ടി വരും.
പദ്ധതി ചെലവാകുന്ന 63,940 കോടിയില്‍ 13,265 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കുന്നതാനായി മാറ്റി വച്ചിരിക്കുന്നത്. 4,660 കോടി കെട്ടിടങ്ങള്‍ക്ക് നഷ്ടപരിഹാരത്തിനും 1,730 കോടി പുനരധിവാസത്തിനുമാണ് നല്‍കുന്നത്.
ഗ്രാമങ്ങളില്‍ വിപണി വിലയുടെ നാലിരട്ടിയാണ് നല്‍കുന്നത്. നഗരങ്ങളില്‍ രണ്ടിരട്ടിയാണ് നല്‍കുന്നത്. ഗെയില്‍, ദേശീയപാത എന്നിവയ്ക്ക് കൊടുത്തതിനേക്കാള്‍ മികച്ച പാക്കേജാണ് ഇത്.ഒരു ഹെക്ടറിന് 9 കോടി രൂപ വരെയാണ് നല്‍കുന്നത്. ദേശീയപാതയേക്കാളും മികച്ച പുനരധിവാസ പാക്കേജാണ് കെ റെയില്‍ പദ്ധതിയില്‍ നല്‍കുന്നത്.