‘യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളെ ഇന്ത്യൻ കോളജുകളിൽ പ്രവേശിപ്പിക്കണം’; ഡൽഹി ഹൈക്കോടതിയിൽ ഹർജി
യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളെ ഇന്ത്യൻ കോളജുകളിൽ പഠിക്കാൻ അനുവദിക്കണമെന്ന് ഡൽഹി ഹൈക്കോടതിയിൽ ഹർജി. യുദ്ധഭൂമിയായ യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് ഒറ്റത്തവണത്തേക്ക് ഇന്ത്യൻ മെഡിക്കൽ കോളജുകളിൽ പ്രവേശനം നൽകണമെന്നാണ് പ്രവാസി ലീഗൽ സെൽ സമർപ്പിച്ചാ ഹർജിയിലെ ആവശ്യം. ഹർജിയിൽ മാർച്ച് 21ന് വാദം കേൾക്കും. “20,000 ഓളം ഇന്ത്യൻ വിദ്യാർത്ഥികളാണ് യുക്രൈനിൽ പഠിച്ചുകൊണ്ടിരുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ യുക്രൈനിലെ സ്ഥിതി മെച്ചപ്പെടുമെന്ന് കരുതുന്നില്ല. അത് ഈ വിദ്യാർത്ഥികളുടെ ജീവിതം അനിശ്ചിതമാക്കുകയാണ്. യുക്രൈനിൽ പഠിച്ചുകൊണ്ടിരിക്കവെ ഏത് അവസ്ഥയിൽ വച്ചാണോ അവരുടെ പഠനം മുടങ്ങിയത്, അവിടം മുതൽ തുടർ പഠനത്തിന് അനുമതി നൽകണമെന്ന് അധികൃതരോട് അഭ്യർത്ഥിക്കുന്നു.”- ഹർജിയിൽ പറയുന്നു.