അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കുന്നത് സർക്കാർ അല്ല; കേന്ദ്ര ആരോഗ്യമന്ത്രി
ദില്ലി: അവശ്യ മരുന്നുകളുടെ വില (Medicine Price) നിയന്ത്രിക്കുന്നത് സർക്കാർ അല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ (Mansukh Mandaviya) പറഞ്ഞു. ഹോൾസെയിൽ വില സൂചികയുടെ അടിസ്‌ഥാനത്തിൽ ആണ് മരുന്നിന്റെ വില നിശ്‌ചയിക്കുന്നത്. ഹോൾസെയിൽ വില സൂചിക ഉയരുമ്പോൾ വിലയും ഉയരും എന്നും മന്ത്രി പറഞ്ഞു. രൂക്ഷമായ വിലക്കയറ്റത്തിനിടെ ജനങ്ങൾക്ക് ഒട്ടും ആശ്വാസമില്ലാതെ മരുന്നുവിലയും ഉയർന്നിരുന്നു. ജീവൻരക്ഷാ മരുന്നുകൾക്കടക്കം പത്ത് ശതമാനത്തിലധികമുള്ള വിലവർധന ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. പ്രമേഹം, ഹൃദ്രോഗം അടക്കം പതിവായി ഉപയോഗിക്കേണ്ട മരുന്നുകൾ വാങ്ങുന്നവർക്കാണ് വലിയ തിരിച്ചടി.