പോര്‍ച്ചുഗലില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ലക്ഷങ്ങള്‍ നഷ്ടപ്പെട്ട് യുവാക്കള്‍
കണ്ണൂര്‍: പോര്‍ച്ചുഗലില്‍ ജോലി വാഗ്ദാനം ചെയ്ത് (portugal visa fraud) യുവാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. കൊച്ചിയിലുള്ള ഏജന്‍സി മുഖേന റഷ്യയില്‍ (Russia) എത്തിയ യുവാക്കള്‍ പോര്‍ച്ചുഗലിലേക്കുള്ള വിസയോ ജോലിയോ ലഭിക്കാത്തതിനെ തുടര്‍ന്ന് തിരികെ പോരുകയായിരുന്നു. തട്ടിപ്പിന് ഇരയായവര്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലാ പൊലീസ് (Kannur Police) മേധാവികള്‍ക്ക് പരാതി നല്‍കി. പോര്‍ച്ചുഗലില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നിരവധി യുവാക്കള്‍ തട്ടിപ്പിന് ഇരയായതായാണ് സൂചന. നാല് പേര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഓരോരുത്തരില്‍ നിന്നും മൂന്നര ലക്ഷത്തില്‍ അധികം രൂപയില്‍ അധികമാണ് തട്ടിയെടുത്തത്.