പെൻഷൻകാർക്കായി ഏകജാലക പോർട്ടൽ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ്; പരാതികൾ തീർപ്പാകും വരെ തൽസ്ഥിതി അറിയാനും സംവിധാനം
ന്യൂഡൽഹി: പെൻഷൻകാർക്കും പെൻഷൻ പറ്റിയ പ്രായാധിക്യമുള്ള മുതിർന്ന പൗരന്മാർക്കും വേണ്ടി ഏകജാലക പോർട്ടൽ ആരംഭിക്കുമെന്ന് കേന്ദ്ര ഉദ്യോഗസ്ഥ-പൊതു പരാതി-പെൻഷൻ കാര്യ സഹമന്ത്രി ഡോ.ജിതേന്ദ്ര സിംഗ്. പെൻഷൻ ചട്ടങ്ങൾ, 2021 അവലോകനം ചെയ്യുന്നതിനും യുക്തിസഹമാക്കുന്നതിനുമുള്ള സ്റ്റാന്റിംഗ് കമ്മിറ്റി ഓഫ് വോളണ്ടറി ഏജൻസിസിന്റെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. പെൻഷൻകാർക്ക് പരാതികൾ ഉന്നയിക്കാനും ബന്ധപ്പെട്ട അധികാരികളെ നേരിട്ട് സമീപിക്കാതെ തന്നെ പരിഹരിക്കാനും സാധിക്കുന്ന ഏകജാലക പെൻഷൻ പോർട്ടൽ ആണ് യാഥാർത്ഥ്യമാക്കുക. പരാതി തീർപ്പാക്കുന്നതുവരെ പെൻഷൻകാർക്കും നോഡൽ ഓഫീസർമാർക്കും സിസ്റ്റത്തിൽ പരാതിയുടെ തൽസ്ഥിതി ഓൺലൈനായി കാണാൻ കഴിയും.