ഉന്നതർക്ക് കടിഞ്ഞാൺ: സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം നിർബന്ധം; സ്ഥലം മാറ്റം മുഖ്യമന്ത്രി അറിയണം; ‘നേതാക്കൾക്ക് ഇതൊന്നും ബാധകമല്ല’

0

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറക്കി. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സെക്ഷൻ ഓഫിസർ കേഡറിലുള്ള ഉദ്യോഗസ്ഥരെ അഞ്ചുവർഷം കൂടുമ്പോഴും അണ്ടർ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, അഡീഷണൽ സെക്രട്ടറി, സ്‌പെഷൽ സെക്രട്ടറി എന്നിവരെ മൂന്നുവർഷം കൂടുമ്പോഴും മറ്റു തസ്തികകളിലെ ജീവനക്കാരെ അഞ്ചുവർഷം കൂടുമ്പോഴും കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമാരെ മേലുദ്യോഗസ്ഥരുടെ അഭിപ്രായം അനുസരിച്ചും സ്ഥലംമാറ്റണമെന്നാണ് ഉത്തരവ്. സെക്ഷൻ ഓഫിസർ മുതൽ സ്ഥലംമാറ്റത്തിന് മുഖ്യമന്ത്രിയുടെ അംഗീകാരം വേണം. സമയപരിധികഴിഞ്ഞ് ഒരാളെ തുടരാൻ അനുവദിക്കണമെങ്കിൽ വകുപ്പ് സെക്രട്ടറി അറിയണം. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരെ ജില്ലയ്‌ക്ക് പുറത്ത് ഡെപ്യൂട്ടേഷനിൽ അയയ്‌ക്കണമെങ്കിൽ ഉദ്യോഗസ്ഥരുടെ സമ്മതം വാങ്ങണം. സമ്മതമല്ലെങ്കിൽ ജൂനിയർ ഉദ്യോഗസ്ഥരെ അയയ്‌ക്കാം. വിരമിക്കാൻ രണ്ടുവർഷം മാത്രം ബാക്കിയുള്ളവരെ ഡപ്യൂട്ടേഷന് പരിഗണിക്കരുത്. ഡപ്യൂട്ടേഷനിൽ പോയവരെ വിരമിക്കുന്നതിന് ഒരുവർഷം മുൻപെങ്കിലും സെക്രട്ടേറിയറ്റിലേക്ക് തിരിച്ചുവിളിക്കണം.

You might also like