പൊരുതാൻ ഉറച്ച് എയർ ഇന്ത്യ ജീവനക്കാർ: ഭവനങ്ങൾ സംരക്ഷിക്കാൻ കോടതിയിലേക്ക്
ദില്ലി : തങ്ങളെ താമസ സ്ഥലങ്ങളിൽ നിന്ന് പുറന്തള്ളാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ എയർ ഇന്ത്യ (Air India) ജീവനക്കാർ മുംബൈ ഹൈക്കോടതിയെ സമീപിക്കും. കേന്ദ്രസർക്കാർ നിലപാടിനെതിരെ മഹാരാഷ്ട്ര സംസ്ഥാന സർക്കാരിനെയും ബന്ധപ്പെടും. മുംബൈയിലെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ നിന്നും കുടിയൊഴിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയാണ് കോടതിയെ സമീപിക്കുന്നത്.
എയർ ഇന്ത്യയെ ടാറ്റ സൺസിന് കീഴിലുള്ള ടാലസ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തതിനു പിന്നാലെയാണ് എയർഇന്ത്യ ജീവനക്കാരോട് അവർ താമസിച്ചിരുന്ന സ്റ്റാഫ് ക്വാർട്ടേഴ്സുകളിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ മുംബൈയിൽ നടന്ന എയർ ഇന്ത്യ ജീവനക്കാരുടെ പ്രതിഷേധ പരിപാടികളിൽ എൻസിപി, ശിവസേന നേതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.