ഇന്ന് കൊടുക്കുമോ ശമ്പളം? കൂലി കാത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍, ചീഫ് ഓഫീസിന് മുന്നിൽ സത്യാഗ്രഹ സമരം തുടരുന്നു

0

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ (ksrtc) ഒരു വിഭാഗം ജീവനക്കാർക്ക് ഇന്ന് ശമ്പളം കൊടുത്തേക്കും. സർക്കാർ സഹായമായ 30 കോടിയും കെഎസ്ആർടിസിയുടെ പക്കലുള്ള ഫണ്ടും ഇതിനായി വിനിയോഗിക്കും. ബുധനാഴ്ചയോടെ ബാങ്ക് ഡ്രാഫ്റ്റെടുത്ത് ശമ്പള വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സിഐടിയു ആഭിമുഖ്യത്തിലുള്ള എംപ്ലോയിസ് അസോസിയേഷൻ ചീഫ് ഓഫിസിന് മുന്നിൽ സത്യാഗ്രഹ സമരം തുടരുകയാണ്. ഐഎൻടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് മുതൽ അനിശ്ചിത കാല സത്യാഗ്രഹം തുടങ്ങും. ബിഎംഎസ് ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും.

അതേസമയം കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍റെ വൈദുതി ഭവന് മുന്നിലുള്ള അനിശ്ചിതകാല റിലേ സത്യാഗ്രഹം ഇന്നും തുടരും. വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പാലക്കാട്ടായതിനാൽ ഇന്ന് സമവായ നീക്കം ഉണ്ടാകില്ല. സസ്പെൻഷൻ പിൻവലിച്ചെങ്കിലും നേതാക്കളെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയാണെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തുന്നു. നാളെ വൈദ്യുതി ഭവൻ ഉപരോധിക്കും. ഒരു ജീവനക്കാരനെ പോലും അകത്ത് കടക്കാൻ അനുവദിക്കില്ല. ചെയർമാന്‍റെ ഏകാധിപത്യ നടപടി അവസാനിപ്പിക്കുന്നത് വരെ സമരം തുടരുമെന്നും ഓഫിസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

You might also like