ഏഴ് ലക്ഷം രൂപ ശമ്പളം നല്‍കാനുണ്ട്; മടങ്ങി വരാത്ത ഇന്ത്യന്‍ തൊഴിലാളിയെ തേടി സ്‌പോണ്‍സര്‍ എംബസിയില്‍
റിയാദ്: റീ എന്‍ട്രിയില്‍ പോയി മൂന്ന് വര്‍ഷമായിട്ടും മടങ്ങിയെത്താത്ത ഇന്ത്യന്‍ തൊഴിലാളിയുടെ ശമ്പള കുടിശ്ശിക തീര്‍ക്കാനുള്ള മാര്‍ഗം തേടി സൗദി പൗരനായ സ്‌പോണ്‍സര്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചു. സൗദിയിലെ ബിശയില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് യൂനുസ് എന്ന കാശ്മീരി യുവാവിനെയാണ് സ്‌പോണ്‍സര്‍ അന്വേഷിക്കുന്നത്. ഇയാള്‍ക്ക് 35000 റിയാല്‍ ശമ്പള കുടിശ്ശിക കൊടുത്ത് തീര്‍ക്കാനുള്ള മാര്‍ഗം തേടിയാണ് തൊഴിലുടമ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടത്. സഹപ്രവര്‍ത്തകര്‍ വഴി അന്വേഷിച്ചിട്ടും ആളുമായി ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെയാണ് എംബസിയെ സമീപിച്ചത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരിയുടെ ഇടപെടലില്‍ ഇന്ത്യന്‍ തൊഴിലാളിയുടെ വിലാസവും ഫോണ്‍ നമ്പറും കണ്ടെത്തി. തുടര്‍ന്ന് അദ്ദേഹത്തിനോട് സംസാരിക്കുകയായിരുന്നു.