KSEB : കെഎസ്ഇബി ജീവനക്കാരുടെ സമരം തടയണമെന്ന് ഹർജി, ഇന്ന് ഹൈക്കോടതി പരിഗണനയിൽ

0

കൊച്ചി: കെഎസ്ഇബി (KSEB) ജീവനക്കാരുടെ സമരം തടയണമെന്നാവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉത്സവ സീസണടക്കം വരുന്ന സാഹചര്യത്തിൽ കോടതി ഇടപെടണമെന്നും സമരം നടത്തുന്ന ഓഫീസേഴ്സ് അസോസിയേഷന്‍റെ അംഗീകാരം റദ്ദാക്കണമെന്നുമാണ് ആവശ്യം. വൈദ്യുതി വിതരണം അവശ്യസേവന നിയമത്തിന്‍റെ പരിധിയിൽ വരുന്നതാണെന്നും ഉദ്യോഗസ്ഥരുടെ സമരം ഉപഭോക്താക്കളെയാണ് ബാധിക്കുന്നതെന്നും ഹർജിയിലുണ്ട്. വയനാട് സ്വദേശിയായ അരുൺ നൽകിയ ഹർജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് പരിഗണിക്കുന്നത്.  എന്നാൽ അതേ സമയം, കെഎസ്ഇബിയിൽ ചെയർമാനും യൂണിയൻ നേതാക്കളും തമ്മിലുള്ള തർക്കം രൂക്ഷമാകുകയാണ്. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന വൈദ്യുതി ഭവൻ വളയൽ സമരത്തെ അച്ചടക്കത്തിന്‍റെ വാളോങ്ങി ചെയർമാൻ നേരിടാൻ തീരുമാനിച്ചതോടെ സമവായം നീളുമെന്നുറപ്പായി. ഇന്നലെ തന്നെ ഉപരോധ സമരത്തിന് അനുമതി നിഷേധിച്ച് ചെയർമാൻ ഉത്തരവിറക്കിയിരുന്നു. ചെയർമാനെതിരായ ആരോപണം ലേഖനത്തിൽ ആവർത്തിച്ചതിന്‍റെ പേരിൽ അസോസിയേഷൻ പ്രസിഡന്‍റ് എം ജി സുരേഷ് കുമാറിനെതിരെ വീണ്ടും നടപടിക്കുള്ള ആലോചനയും മാനേജ്മെന്‍റ് തലത്തിൽ നടക്കുന്നതും പ്രശ്നം രൂക്ഷമാക്കുന്നുണ്ട്. 

You might also like