‘മോദി ജി, നിങ്ങൾക്ക് ശ്രമിക്കാം, പക്ഷേ സത്യത്തെ തുറുങ്കിലടയ്ക്കാൻ നിങ്ങൾക്ക് ഒരിക്കലും സാധിക്കില്ല’: രാഹുൽ ഗാന്ധി

0

ദില്ലി: ഗുജറാത്ത് എം എൽ എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അർദ്ധരാത്രിയിലെത്തി അറസ്റ്റ് ചെയ്ത വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി. ‘മോദിജി, ഭരണകൂട സംവിധാനത്തെ ദുരുപയോഗം ചെയ്ത് നിങ്ങൾക്ക് വിയോജിപ്പുകളെ തകർക്കാൻ ശ്രമിക്കാം, എന്നാൽ നിങ്ങൾക്ക് ഒരിക്കലും സത്യത്തെ തുറുങ്കിലടയ്ക്കാനാകില്ല’ എന്നായിരുന്നു രാഹുൽ ട്വിറ്ററിലൂടെ പ്രതികരിച്ചത്. അതേസമയം ഇന്നലെ രാത്രി പാലൻപൂർ സർക്യൂട്ട് ഹൗസിൽ വച്ചാണ് ഗുജറാത്ത് എംഎൽഎയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തത്. എന്താണ് അറസ്റ്റിന് കാരണമെന്ന് വ്യക്തമാക്കുകയോ എഫ്ഐആർ നൽകുകയോ ചെയ്യാതെയായിരുന്നു അറസ്റ്റ്. അസം പൊലീസ് ഗുജറാത്തിലെത്തിയാണ് മേവാനിയെ അറസ്റ്റ് ചെയ്തത്.

ഗുജറാത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എത്തുന്ന ദിവസമായിരുന്നു അറസ്റ്റ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായത്. മുംബൈയിൽ വിമാനമിറങ്ങിയ ബോറിസ് ജോൺസൺ ശേഷം ഗുജറാത്തിലെത്തുകയായിരുന്നു. വൻവരവേൽപ്പാണ് അവിടെ ബോറിസ് ജോൺസണ് ഒരുക്കിയിരുന്നത്. വ്യവസായപ്രമുഖരടക്കമുള്ളവരുമായി ബോറിസ് ജോൺസൺ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനിടയിലാണ് ജിഗ്നേഷ് മേവാനിയെ അസം പൊലീസെത്തി അറസ്റ്റ് ചെയ്യുന്നത്. അഹമ്മദാബാദിലേക്ക് ഇന്നലെ രാത്രി തന്നെ മേവാനിയെ കൊണ്ടുവന്നിട്ടുണ്ട്.

You might also like