കെഎസ്ഇബിയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമോ? മന്ത്രി നിർദ്ദേശിച്ച കാലാവധി ഇന്ന് തീരും, പ്രതീക്ഷയോടെ അസോസിയേഷൻ
തിരുവനന്തപുരം: കെഎസ്ഇബിയിലെ പ്രശ്ന പരിഹാരത്തിന് വൈദ്യുതി മന്ത്രി നിര്‍ദ്ദേശിച്ച ഒരാഴ്ചത്തെ കാലാവധി ഇന്ന് അവസാനിക്കും. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍റെ സംസ്ഥാന ഭാരവാഹികളെ സ്ഥലംമാറ്റിയ ഉത്തരവ് നിലനിൽക്കുകയാണ്. പ്രശ്നപരിഹാരമായില്ലെങ്കില്‍ മെയ് 16 മുതല്‍ ചട്ടപ്പടി സമരം നടത്താനാണ് അസോസിയേഷന്റെ തീരുമാനം.
അസോസിയേഷൻ ഭാരവാഹികളായ എം ജി സുരേഷ്കുമാര്‍, ബി.ഹരികുമാര്‍, ജാസ്മിന്‍ ബാനു എന്നിവരുടെ അന്തര്‍ ജില്ല സ്ഥലം മാറ്റ ഉത്തരവ് നിലനില്‍ക്കുകയാണ്. ഈ മാസം അവസാനിക്കുന്നതിന് മുമ്പ് ചുമതലയേറ്റില്ലെങ്കില്‍ , ജോലിയില്‍ നിന്ന് അനധികൃതമായി വിട്ടുനില്‍ക്കുന്നതായി കണക്കാക്കി ഇവർക്കെതിരെ തുടര്‍നടപടിയുണ്ടാകും. അതേ സമയം ഇത് പ്രതികാര നടപടിയാണെന്നും അംഗീകരിക്കാനാകില്ലെന്നും ഓഫീസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. തൊഴിലാളി യൂണിയനുകളുടെ ഹിതപരിശോധന വ്യാഴാഴ്ച നടക്കാനിരിക്കെ, ഓഫീസേഴ്സ് അസോസിയേഷന്‍ കടുത്ത നിലപാടിലേക്ക് ഉടന്‍ പോകില്ലെന്നാണ് സൂചന. മെയ് ആദ്യവാരം മുതല്‍ മേഖലാ ജാഥകളും , പ്രശ്നപരിഹാരമില്ലെങ്കില്‍ മെയ് 16 മുതല്‍ ചട്ടപ്പടി സമരവും ഉണ്ടാകും എന്നാണ് നിലവിലെ പ്രഖ്യാപനം.