രണ്ടും കൽപ്പിച്ച് സ്വകാര്യ ബസുകൾ; പന്നിയങ്കരയിൽ പുതിയ സമരമുറ, ടോൾ നൽകാതെ ബസുകൾ കടന്നുപോകും
പാലക്കാട്: പാലക്കാട് പന്നിയങ്കരയിൽ ഇന്ന് ടോൾ നൽകാതെ സ്വകാര്യ ബസ്സുകൾ കടന്നുപോകുമെന്ന് സംയുക്ത സമര സമിതി. ടോൾ നൽകാതെ ബാരിക്കേഡുകൾ ബലമായി മാറ്റി ബസ്സുകൾ കടത്തിവിടാനാണ് തീരുമാനം. ഒരു മാസത്തോളമായി നടത്തിവരുന്ന പണിമുടക്കിലും ടോൾ നിരക്കിൽ തീരുമാനമാകാത്തതിനാലാണ് പുതിയ സമരമുറയിലേക്ക് സ്വകാര്യ ബസുകൾ കടക്കുന്നത്. രാവിലെ 9 മണിക്ക് ആലത്തൂർ എംപി രമ്യ ഹരിദാസ്, തരൂർ എംഎൽഎ പി പി സുമോദ് എന്നിവരുടെ നേതൃത്വത്തിലാവും സമരമെന്ന് ബസുടമകൾ അറിയിച്ചു. ഒരു മാസം 50 ട്രിപ്പിന് 10,540 രൂപയാണ് സ്വകാര്യ ബസുകൾ നൽകേണ്ടത്. ഇത് വളരെക്കൂടുതലാണെന്നും നിരക്കിൽ ഇളവ് വേണമെന്നുമാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. വർധിപ്പിച്ച ടോൾ നിരക്കിനെതിരെ ടിപ്പർ ലോറികളും ടോൾ പ്ലാസയിൽ നിർത്തിയിട്ട് നേരത്തെ പ്രതിഷേധിച്ചിരുന്നു. ഒരു തവണ കടന്നു പോകുന്നതിന് 650 രൂപയാാണ് ഇവർ നൽകേണ്ടത്. കഴിഞ്ഞ മാർച്ച് 9ാം തിയതി മുതലാണ് പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങിയത്.