കാലിഫോർണിയ ക്രിസ്ത്യൻ പള്ളിയിൽ വെടിവയ്പ്പ്‌; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക്

0

കാലിഫോർണിയ പ്രെസ്‌ബിറ്റീരിയൻ പള്ളിയിൽ ഇന്നലെ ഞായറാഴ്ച ആരാധനയ്‌ക്ക് ശേഷമുള്ള തായ്‌വാനീസ് സഭയുടെ സൽക്കാരത്തിനിടെ ഒരാളെ കൊല്ലുകയും നാല് പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത തോക്കുധാരിയെ പാസ്റ്ററും സഭാ വിശ്വാസികളും ചേർന്ന് കീഴടക്കി പോലീസിലേൽപ്പിച്ചു.

ഓറഞ്ച് കൗണ്ടിയിലെ ലഗൂണ വുഡ്‌സിലെ ഇർവിൻ തായ്‌വാനീസ് പ്രെസ്‌ബിറ്റീരിയൻ ചർച്ചിലാണ്‌ സംഭവം. 40-ഓളം വരുന്ന സഭാംഗങ്ങൾ ഇവിടെ ഉണ്ടായിരുന്നു. തായ്‌വാൻ സഭയിലെ ഒരു മുൻ പാസ്റ്ററെ ആദരിക്കുന്നതിനായി പള്ളിയിൽ നടത്തിയ സൽക്കാരത്തിനിടെയാണ്‌ 60 വയസ് പ്രായമുള്ള ഏഷ്യക്കാരൻ എന്ന് തോന്നിക്കുന്ന ഒരാൾ രണ്ട് കൈത്തോക്കുകളുമായി വന്ന് സഭാംഗങ്ങളെ വെടിവയ്ക്കാൻ തുടങ്ങിയത്‌.

വെടിവയ്പ്പിനിടെ തോക്കുധാരി തന്റെ തോക്ക് വീണ്ടും ലോഡുചെയ്യാൻ അൽപ്പനേരം നിർത്തിയപ്പോൾ, പാസ്റ്റർ ബില്ലി ചാങ് അക്രമിയെ ഒരു കസേരകൊണ്ട് അടിച്ചു വീഴ്ത്തുകയും ശേഷം പള്ളി അംഗങ്ങൾ ഇലക്ട്രിക്കൽ കോർഡ് ഉപയോഗിച്ച് അയാളുടെ കാലുകൾ ബന്ധിച്ച്‌ പോലീസിനു കൈമാറി.

സംഭവത്തിൽ 40 വയസ്സുള്ള ഒരാൾ കൊല്ലപ്പെടുകയും 66 നും 92 നും ഇടയിൽ പ്രായമുള്ള മൂന്ന് പുരുഷന്മാരും 86 വയസ്സുള്ള ഒരു സ്ത്രീയും ഉൾപ്പടെ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പ്രദേശത്തു നിന്നുള്ള ആളല്ലെന്ന് കരുതുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും വാണിജ്യപരമായി ലഭ്യമായ രണ്ട് കൈത്തോക്കുകൾ സംഭവസ്ഥലത്ത് അക്രമിയിൽ നിന്ന് കണ്ടെടുക്കുകയും ചെയ്‌തു, എന്നാൽ ഇതുവരെ ഇയാളുടെ ഉദ്ദേശ്യം വ്യക്തമായിട്ടില്ല.

ആക്രമണം തടയാൻ സഭാ പാസ്റ്ററും പള്ളി അംഗങ്ങളും കാണിച്ച പ്രവർത്തിയെ “അസാധാരണമായ വീരത്വവും ധീരതയും” എന്നാണ്‌ പോലീസ് വിശേഷിപ്പിച്ചത്‌.

You might also like