യുക്രൈൻ ഉരുക്കുകോട്ട വീണു; തകർന്നടിഞ്ഞ് മരിയുപോൾ
യുക്രൈൻ യുദ്ധത്തിന്റെ ഗതി മാറ്റിയെഴുതിയ മരിയുപോൾ ‘ഉരുക്കുകോട്ട’ തകർന്നു. തുറമുഖ നഗരത്തിൽ റഷ്യയ്ക്കു കീഴടങ്ങാതെ ചെറുത്തുനിൽപിന്റെ തുരുത്തായിരുന്ന അസോവ്സ്റ്റാൾ ഉരുക്കുഫാക്ടറിയും റഷ്യ പിടിച്ചു. ഇനിയും ചോരപ്പുഴയൊഴുകാതെ പോരാട്ടം മതിയാക്കാൻ യുക്രൈൻ സർക്കാർ നിർദേശിച്ചതിനെ തുടർന്നാണു സേന പിൻമാറുന്നത്. 82 ദിവസം പൊരുതിത്തളർന്ന 264 യുക്രൈൻ സൈനികരെ റഷ്യയുടെ സഹായത്തോടെ ഒഴിപ്പിച്ചു. പോരാട്ടത്തിൽ ഗുരുതരമായി പരുക്കേറ്റ 53 സൈനികരെ റഷ്യൻ നിയന്ത്രണത്തിലുള്ള നൊവോയസോവ്സ്ക് പട്ടണത്തിലെ ആശുപത്രിയിലേക്കാണു കൊണ്ടുപോയത്. റഷ്യയോടു കൂറുള്ള വിമതരുടെ നിയന്ത്രണത്തിലുള്ള ഒലെനിവ്ക പട്ടണത്തിലേക്കാണ് ബാക്കി 211 പേരെ മാറ്റിയത്. ഫാക്ടറിയിൽ ഇനിയും സൈനികർ ശേഷിക്കുന്നുണ്ടെന്ന് യുക്രൈൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി അന്ന മൽയർ പറഞ്ഞു.