500 ക്രിസ്ത്യന്‍ പള്ളികളുടെ പട്ടിക തയ്യാര്‍; എല്ലാം തകർക്കണമെന്ന് ശ്രീരാമ സേന

0

മൈസൂര്‍: ഉത്തരേന്ത്യന്‍ ശൈലിയിലുള്ള ബുള്‍ഡോസിങ്ങ് കര്‍ണാടകയിലും വേണമെന്നാവശ്യപ്പെട്ട് ശ്രീരാമ സേന. കര്‍ണാടകയിലെ ‘അനധികൃത’ ക്രിസ്ത്യന്‍ പള്ളികള്‍ പൊളിക്കണമെന്ന വാദമുയര്‍ത്തി ഹിന്ദുത്വ വലതുപക്ഷ സംഘടനയുടെ നേതാവ് പ്രമോദ് മുത്തലിക് രംഗത്തെത്തി.

ആയിരക്കണക്കിന് ഹിന്ദുമതവിശ്വാസികളെ ബലം പ്രയോഗിച്ച് ക്രിസ്തുമതത്തിലേക്ക് മാറ്റുകയാണെന്ന് പ്രമോദ് മുത്തലിക് ആരോപിച്ചു.

‘ദിവസവും ആയിരക്കണക്കിന് ഹിന്ദുക്കള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയാണെന്നും ചതിച്ചും ബലം പ്രയോഗിച്ചുമാണ് മതം മാറ്റുന്നത്‌ എന്നതാണ്‌ ഇയാളുടെ വാദം. അതിനാൽ മതപരിവര്‍ത്തനത്തിനെതിരെ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരണമെന്നും ഇയാൾ പറയുന്നു. ഒപ്പം അനധികൃതമായ പള്ളികള്‍ ബുള്‍ഡോസ് ചെയ്ത് പൊളിച്ചുകളയുക,’ പ്രമോദ് മുത്തലിക് മൈസൂരില്‍ പ്രതികരിച്ചു.

കര്‍ണാടകയിലെ അനധികൃത പള്ളികളുടെ പട്ടിക ശ്രീരാമ സേന തയ്യാറാക്കിയിട്ടുണ്ടെന്നും ഇവ പൊളിച്ചുമാറ്റാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ഇയാൾ പറഞ്ഞു. ‘കഴിഞ്ഞ വര്‍ഷങ്ങളിലായി അനധികൃതമായി പണികഴിപ്പിച്ച പള്ളികളുടെ ഒരു പട്ടിക ഞങ്ങളുടെ ജില്ലാ പ്രസിഡന്റുമാര്‍ സമാഹരിച്ചിട്ടുണ്ട്. അനധികൃതമായ 500 ക്രിസ്ത്യന്‍ പള്ളികള്‍ ഞങ്ങള്‍ സംസ്ഥാനത്ത് കണ്ടെത്തി. സര്‍ക്കാര്‍ പുതിയ നിയമം അവതരിപ്പിക്കുന്ന പക്ഷം, ഞങ്ങള്‍ അധികാരികളെ കണ്ട് പട്ടിക കൈമാറും. പള്ളികള്‍ പൊളിക്കണമെന്ന് ആവശ്യപ്പെടും,’ പ്രമോദ് മുത്തലിക് കൂട്ടിച്ചേര്‍ത്തു.

മതപരിവര്‍ത്ത നിരോധന ബില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് കര്‍ണാടക ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്തെ ക്രിസ്ത്യന്‍ പള്ളികളേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നു. മൂന്ന് സര്‍വ്വേകളാണ് ബസവരാജ് ബൊമ്മൈ സര്‍ക്കാര്‍ നടത്തിയത്. അനുമതിയോടെ പ്രവര്‍ത്തിക്കുന്നതും അനധികൃതവുമായ പള്ളികള്‍ കണ്ടെത്താന്‍ സര്‍വ്വേ നടത്താന്‍ എല്ലാ ജില്ലകളിലേയും ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്‌ ഇപ്പോൾ.

You might also like