കയറ്റുമതി നിയന്ത്രണം വിലക്കയറ്റം തടയാൻ സഹായിച്ചു, ന്യായീകരിച്ച് കേന്ദ്ര സർക്കാർ

0

ദില്ലി: പഞ്ചസാര, ഗോതമ്പ് അടക്കമുള്ള വസ്തുക്കളുടെ കയറ്റുമതി നിയന്ത്രണത്തെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ. കയറ്റുമതി നിയന്ത്രിച്ചത് ആഗോള വിപണിയിലെ വിലക്കയറ്റം രാജ്യത്ത് ജനങ്ങളെ വലിയ തോതിൽ ബാധിക്കാതിരിക്കാൻ സഹായിച്ചെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. കയറ്റുമതിയിൽ നിയന്ത്രണമേർപ്പെടുത്തിയതോടെ ഇന്ത്യയിലെ ഗോതമ്പിന്റെ വില ആഗോള വിപണി വിലയേക്കാൾ 39.5 % കുറവായെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം അറിയിച്ചു. ഭക്ഷ്യ എണ്ണ വില അന്താരാഷ്ട്ര വിപണിയിൽ 35.86% കൂടിയപ്പോൾ ഇന്ത്യയിൽ കൂടിയത് 12.12 % മാത്രമാണ്. പഞ്ചസാര കയറ്റുമതി നിയന്ത്രണവും ഫലം കണ്ടു.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ വില കുറവാണെന്നും കേന്ദ്രത്തിന്റെ നടപടികൾ അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം രാജ്യത്തെ ജനങ്ങളെ ബാധിക്കാതിരിക്കാൻ സഹായമായെന്നുമാണ് സർക്കാരിന്റെ അവകാശവാദം. ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ഇറക്കിയ വാർത്താ കുറിപ്പിലാണിക്കാര്യങ്ങൾ പറയുന്നത്. വിപണിയിലെ അവശ്യ വസ്തുക്കളുടെ വില തുടർച്ചയായി നിരീക്ഷിക്കുകയാണെന്നും ജനങ്ങൾക്ക് ബുദ്ധി മുട്ടുണ്ടാകാതിരിക്കാനുളള എല്ലാ നടപടികളും സ്വീകരിക്കുമെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്തെ വിലക്കയറ്റം ചൂണ്ടിക്കാട്ടി വിമർശനം രൂക്ഷമായ പശ്ചാത്തലത്തിലാണ് കണക്കുകൾ നിരത്തി മന്ത്രാലയം വാർത്താ കുറിപ്പിറക്കിയത്.

You might also like