ആശ്വാസ പ്രഖ്യാപനവുമായി ഒപെക് പ്ലസ് കൂട്ടായ്മ; എണ്ണ ഉത്പാദനം അമ്പത് ശതമാനം കൂട്ടും
അമേരിക്ക: ആഗോള വിലക്കയറ്റം തടയാൻ സുപ്രധാന തീരുമാനവുമായി ലോകരാജ്യങ്ങൾ. എണ്ണ ഉത്പാദനം 50 ശതമാനം കൂട്ടാൻ ഒപെക് പ്ലസ് (OPEC PLUS) രാജ്യങ്ങൾ തീരുമാനിച്ചു. ജൂലൈ മുതൽ പ്രതിദിന ക്രൂഡ് ഓയിൽ ഉത്പാദനം 6,48,000 ബാരൽ ആയി ഉയർത്തും. ഇതോടെ നിലവിലുള്ളതിനേക്കാൾ രണ്ടു ലക്ഷം ബാരൽ ക്രൂഡ് ഓയിൽ അധികമായി വിപണിയിലെത്തും. 13 ഒപെക് രാജ്യങ്ങൾക്കൊപ്പം എണ്ണ ഉത്പാദിപ്പിക്കുന്ന മറ്റ് 10 രാജ്യങ്ങളും ചേർന്നാണ് നിർണായക തീരുമാനം പ്രഖ്യാപിച്ചത്.
എണ്ണവില ഉയർന്നുനിൽക്കുന്നത് ആഗോള പണപ്പെരുപ്പത്തെ സ്വാധീനിക്കുന്ന സാഹചര്യത്തിലാണ് സുപ്രധാന നടപടി. ആഗോള സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിൽ നിന്ന് കരകയറ്റാൻ ഈ തീരുമാനം സഹായിക്കുമെന്ന് രാജ്യങ്ങൾ വിലയിരുത്തി. ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താൻ ഒപെക് രാജ്യങ്ങൾക്കുമേൽ അമേരിക്കയുടെയും ബ്രിട്ടന്റെയും സമ്മർദം ഉണ്ടായിരുന്നു. എണ്ണ ഉത്പാദനം കൂട്ടുന്ന കാര്യം ചർച്ച ചെയ്യാൻ യു എസ് പ്രസിഡന്റ് ജോ ബൈഡൻ ഈ മാസം അവസാനം സൗദിയിലെത്താൻ ഇരിക്കെയാണ് നിർണായക തീരുമാനം ഉണ്ടായിരിക്കുന്നത്. ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം അമേരിക്ക സ്വാഗതം ചെയ്തു.