സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി നിലവിൽ വരും

0

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി നിലവിൽ വരും. ജൂണ്‍ 9 അര്‍ധരാത്രി 12 മണി മുതല്‍ ജൂലൈ 31 അര്‍ധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ഈ കാലയളവിൽ മത്സ്യത്തൊഴിലാളികള്‍ക്കും അവരെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.(52day trawling ban to begin in coast of kerala) 4500 ട്രോളിംഗ് ബോട്ടുകളാണ് കേരളത്തിലുള്ളത്. ട്രോളിംഗ് നിരോധന കാലത്ത് ഹാര്‍ബറുകൾ പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമായി തുറന്ന് കൊടുക്കും. ഹാര്‍ബറുകളിലും ലാൻഡിംഗ് സെന്‍ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസൽ ബങ്കുകൾ അടച്ചിടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മീൻ കച്ചവടം മുതൽ ഐസ് പ്ലാന്റുകൾ വരെ അനുബന്ധ തൊഴിൽ മേഖലകളിലും ട്രോളിംഗ് നിരോധനം പ്രതിഫലിക്കും. തീരക്കടലിലും ആഴക്കടലിലും പരിശോധന കർശനമാക്കാനും ഫിഷറീസ് വകുപ്പ് നിര്‍ദേശം നൽകിയിട്ടുണ്ട്.ആഴക്കടലിലെ അശാസ്ത്രീയ മിൻപിടുത്തം തടയാൻ സ്ഥിരം സംവിധാനത്തോടൊപ്പം തീരദേശത്തെ ദുരിതത്തിന് പരിഹാരമായി മത്സ്യവറുതി പാക്കേജ് നടപ്പാക്കണമെന്നുമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആവശ്യം.

You might also like