ഉത്തർപ്രദേശിൽ മതപരിവർത്തനാരോപണം; 3 മാസത്തിനിടെ 25ലധികം കേസുകളും അറസ്റ്റുകളും
അലഹബാദ്: ഉത്തർപ്രദേശ് സംസ്ഥാനത്ത് സുവിശേഷകർക്കും ക്രിസ്തീയ വിശ്വാസികൾക്കും നേരെ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ 25ലധികം കേസുകൾ ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്ത് നിരവധി പാസ്റ്റർമാരും വിശ്വാസികളും അറസ്റ്റ് ചെയ്യപ്പെട്ടു. ഇവരിൽ പലരും ഇപ്പോഴും ജയിലിലുമാണ്.
10 പാസ്റ്റർമാർ ആജംഗഡ് ജയിലിലും രണ്ട് പാസ്റ്റർമാർ ഗോരക്പൂർ ജയിലിലും കഴിയുന്നു. ഇവരുടെ ജാമ്യാപേക്ഷക്കായി കോടതി വാദം കേട്ടതിനു ശേഷം അന്തിമ തീരുമാനമെടുക്കാതെ പിരിഞ്ഞു. പാസ്റ്റർമാരായ രോഷി സുഖ, വിജയ് കുമാർ എന്നിവർ മെയ് ഇരുപത്തി രണ്ടാം തീയതി മുതൽ ആജംഗഡ് ജയിലിൽ ആയിരിക്കുന്നു. ഏതുവിധേനയും അവർ പുറത്തിറങ്ങാതിരിക്കാൻ എതിർ ഭാഗം വക്കിൽ കഠിനമായി പരിശ്രമിക്കുന്നുണ്ടായിരുന്നു.
ഏപ്രിൽ മാസം പത്താം തീയതി ഒരു ഗ്രാമത്തിൽ നടന്ന ആരാധനക്കിടയിൽ അറസ്റ്റ് ചെയ്യപ്പെട്ട പാസ്റ്റർ ഓംകാർ (പഞ്ചാബ്), പാസ്റ്റർ കേശവ് സിംഗ് (ജമ്മു കാശ്മീർ) എന്നിവരെ മതപരിവർത്തന നിരോധന നിയമം ചുമത്തി ജയിലിലടച്ചു.
ഒരു പ്രത്യേക ആരാധനയ്ക്ക് പങ്കെടുക്കാൻ ഇവിടെയെത്തിയ ഇവർ ഇരുവരും കഴിഞ്ഞ 55 ദിവസമായി ജയിലിൽ ആയിരിക്കുന്നു. ഇവിടുത്തെ ലോക്കൽ പാസ്റ്ററും വിശ്വാസികളും അവരുടെ മോചനത്തിനായി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.