തോമസ് വടക്കേക്കുറ്റ് പെന്തക്കോസ്‌തിന്റെ ആദർശമുഖം; പിസിഐ കേരളാ സ്റ്റേറ്റ്

0

തിരുവല്ല: ആദരണീയനായ തോമസ് വടക്കേക്കുറ്റ് മലയാളി പെന്തകോസ്ത് സമാജത്തിന്റെ ആദർശമുഖമാണന്ന് പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് അനുശോചിച്ചു. പെരുമാറ്റത്തിലെ കുലീനത്വവും സൗമ്യവും സുദീപ്തവുമായ ജീവിതം കൊണ്ട് പൊതുസ്വീകര്യനുമായ വ്യക്തി. വിദൂര വ്യാപ്തമായ വിചാര ലോകം കൊണ്ട് ശ്രദ്ധേയനും സർഗധനനായ തൂലികാകാരനുമാണ് തോമസ് വടക്കേക്കുറ്റ് സാർ.

സഹജമായ സഹജീവി സ്നേഹം കൊണ്ട് നിരാശ്രയരുടെ പക്ഷം ചേർന്നുള്ള മനുഷ്യാവകാശ പ്രവർത്തകനും കച്ചവട ആത്മീകതയുടെ ജീർണ്ണതകളോട് സന്ധിയില്ലാതെ കലഹിച്ച പോരാളിയുമായിരുന്നു അദ്ദേഹം. അപാരമായ സംഘടനാ പാടവവും സവിശേഷമായ ചിന്താ പദ്ധതിയും സൂഷ്മ ദർശനവും സമം ചേർന്ന നേതൃഗുണ സമ്പന്നൻ. പെന്തകോസ്ത് സഭകളുടെ ഐക്യത്തിന് വേണ്ടി അക്ഷീണം പ്രയത്നിച്ച സഭാ സ്നേഹി. ക്രൈസ്തവ മാനവിക മൂല്യങ്ങളെ സ്വജീവിതം കൊണ്ട് അടയാളപ്പെടുത്തിയ ആദർശ നിഷ്ഠമായ പൊതു ജീവിതം.

ആകമാന മലയാളി പെന്തകോസ്ത് കുടുംബത്തിന്റെ അലങ്കാരവും അഭിമാനമായ ബേബിച്ചായൻ, പെന്തകോസ്ത് ധാർമ്മികതയുടെ കൊടിപ്പടം ഉയർത്തിപ്പിടിച്ച, സവിശേഷമായ നീതിബോധമുള്ള മൗലികവാദി.

ഘനമൂല്യമായ നിലപാടും നയചാതുര്യവും കൊണ്ട് പ്രതിഭാധനനായ ആർദ്രമാനസൻ. നിരാക്ഷേപ ജീവിതത്തിന്റെ ഈ സൂര്യശോഭ വിടപറയുന്നത് ക്രൈസ്തവ സമാജത്തിന് വലിയ നഷ്ട്ടമാണന്ന് പിസിഐ കേരളാ സ്റ്റേറ്റ് വിലയിരുത്തി. തോമസ് വടക്കേക്കുറ്റ് സാറിന്റെ നിര്യാണത്തിൽ പിസിഐ കേരളാ സ്റ്റേറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തി.

സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ നോബിൾ പി തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. വർക്കിംഗ് പ്രസിഡന്റ്‌ പാസ്റ്റർ തോമസ് എം പുളിവേലിൽ, വൈസ് പ്രസിഡന്റ്‌ സൂവി. ഫിന്നി പി മാത്യൂ, സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ തേക്കുതോട്, ട്രഷറാർ ഏബ്രഹാം ഉമ്മൻ, സ്റ്റേറ്റ് കോഡിനേറ്റർ പാസ്റ്റർ അനീഷ് കൊല്ലങ്കോട്, മീഡിയ കൺവീനർ പാസ്റ്റർ അനീഷ് ഐപ്പ്, പ്രയർ കൺവീനർ പാസ്റ്റർ ബിനോയ് ചാക്കോ, മിഷൻ കോഡിനേറ്റർ പാസ്റ്റർ രാജീവ് ജോൺ എന്നിവർ അനുശോചന പ്രസംഗം നടത്തി.

You might also like