കറുത്ത വസ്ത്രത്തിനും മാസ്കിനും വിലക്കില്ല; കേൾക്കുന്നത് വ്യാജ പ്രചരണം
തിരുവനന്തപുരം: കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിനും മാസ്കിനും പൊതുപരിപാടികളിൽ വിലക്കുണ്ടെന്നതു വ്യാജ പ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഏതൊരാൾക്കും അവർക്ക് ഇഷ്ടമുള്ള നിറത്തിലെ വസ്ത്രം ധരിക്കാൻ അവകാശമുണ്ട്.
കേരളം ഇന്നു കാണുന്ന നേട്ടങ്ങൾ സ്വന്തമാക്കാൻ മുന്നിൽനിന്ന എൽഡിഎഫ് സർക്കാർ നിലനിൽക്കുമ്പോൾ, പ്രത്യേക വസ്ത്രം ധരിക്കാൻ പാടില്ല എന്ന നിലപാട് സർക്കാരിന്റ ഭാഗത്തുനിന്ന് ഉണ്ടാകില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ മറ്റൊന്നും കിട്ടാത്തതുകൊണ്ട് ഒരുപാടു കള്ളക്കഥകളെ ആശ്രയിക്കുന്ന കാലമാണിത്. ആ കൂട്ടത്തിൽ ഇതും കൂടി ചേർത്ത് പ്രചരിപ്പിക്കുയാണെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
“ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കുന്നതിനുള്ള അവകാശത്തിനായി വലിയ പ്രക്ഷോഭങ്ങൾ നടന്ന നാടാണിത്. അങ്ങനെയാണ് ആ അവകാശം നാം നേടിയെടുത്തത്. നേരത്തേ മുട്ടിനുതാഴെ മുണ്ടുടുക്കാൻ അവകാശമില്ലാതിരുന്നവർ, മാറുമറയ്ക്കാൻ അവകാശമില്ലാതിരുന്നവർ. അതിനെല്ലാം എതിരെ വലിയ പോരാട്ടം നടന്നു. അതിന്റെ ഭാഗമായാണ് നാട് മാറിവന്നത്. ഇവിടെ ഏതെങ്കിലും തരത്തിൽ ആ അവകാശം ഹനിക്കുന്ന പ്രശ്നമേയില്ല. നമ്മുടെ നാടിന്റെ പ്രത്യേകത എല്ലാ രീതിയിലും കാത്തുസൂക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധമാണ്. ആ കാര്യത്തിൽ സർക്കാർ എപ്പോഴും ഒപ്പമുണ്ടാകും. അതിനെതിരെ നീങ്ങുന്ന ശക്തികൾക്ക് തടയിടാൻ സർക്കാർ പ്രത്യേക ശ്രദ്ധയോടെ പ്രവർത്തിക്കും”, അദ്ദേഹം കൂട്ടിച്ചേർത്തു.
കറുപ്പു നിറത്തിനു വിലക്കുണ്ടെന്ന വാർത്തകളെ സംബന്ധിച്ച് ആദ്യമായാണു മുഖ്യമന്ത്രി പ്രതികരിക്കുന്നത്.