അഞ്ചുലക്ഷം രൂപയുടെ സ്വർണാഭരണം എലികൾ കൈവശപ്പെടുത്തി; പിടിച്ചെടുത്ത് പോലീസ്
മുംബൈ: മുംബൈയിലെ ഗോകുൽധാം കോളനിക്ക് സമീപത്താണ് സംഭവം. എലികൾ കൈവശം വെച്ച അഞ്ച് ലക്ഷം രൂപയുടെ സ്വർണം നീണ്ട പരിശ്രമത്തിനൊടുവിൽ പിടിച്ചെടുത്ത് പൊലീസ്. കോളനിയിലെ ഓവുചാലിൽ നിന്നാണ് എലികളിൽ നിന്നും പൊലീസ് സ്വർണം പിടിച്ചെടുത്തത്.
ത്രില്ലർ സിനിമകളെ വെല്ലുന്ന സംഭവങ്ങളാണ് കഴിഞ്ഞ വ്യാഴാഴ്ച്ച കോളനിയിൽ നടന്നത്. കോളനിയിലുള്ള സുന്ദരി എന്ന സ്ത്രീയുടേതാണ് സ്വർണം. മകളുടെ വിവാഹാവശ്യത്തിന് വാങ്ങിയ കടം വീട്ടാൻ ബാങ്കിൽ സ്വർണം പണയം വെക്കാൻ പുറപ്പെട്ടതായിരുന്നു സുന്ദരി. കയ്യിൽ സ്വർണം വെച്ച ബാഗും വടപാവ് വെച്ച മറ്റൊരു ബഗുമായിട്ടായിരുന്നു യാത്ര.
വഴിയിൽ കണ്ട കുട്ടികൾക്ക് സുന്ദരി തന്റെ കയ്യിലുണ്ടായിരുന്ന വടാപാവിന്റെ ബാഗ് നൽകി ബാങ്കിലേക്ക് പോയി. ബാങ്കിലെത്തി ബാഗ് തുറന്നപ്പോഴാണ് സുന്ദരിക്ക് അമളി മനസ്സിലായത്. ബാങ്കിൽ നൽകാനുള്ള ബാഗ് തുറന്നപ്പോഴാണ് കുട്ടികൾക്ക് വടാപാവിന് പകരം സ്വർണമാണ് നൽകിയതെന്ന് സുന്ദരി തിരിച്ചറിഞ്ഞത്.
ഉടൻ തന്നെ കുട്ടികളെ അന്വേഷിച്ച് സുന്ദരി കോളനിയിലെത്തി. അവിടെയെത്തിയപ്പോൾ ബാഗ് നൽകിയ കുട്ടിയെ സുന്ദരിക്ക് കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ പരാതിയുമായി എത്തി. പരാതി സ്വീകരിച്ച ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി പരിശോധിച്ചപ്പോൾ ബാഗ് നൽകിയ കുട്ടിയേയും അമ്മയേയും കണ്ടെത്തി.
ഉടൻ തന്നെ കുട്ടിയുടെ അമ്മയെ കണ്ടെത്തി വിവരം ആരാഞ്ഞു. എന്നാൽ കുട്ടിയുടെ അമ്മ പറഞ്ഞത് കേട്ട് പൊലീസ് അന്തംവിട്ടു. സുന്ദരി നൽകിയ വടാപാവ് ഉണങ്ങിയിരിക്കുന്നതിനാൽ കഴിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കി അടുത്തുള്ള ചവറുകൂനയിൽ ഉപേക്ഷിച്ചെന്നായിരുന്നു കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞത്.
ഇതോടെ ചവറുകൂനയ്ക്ക് സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കി. ഇതോടെയാണ് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന സ്വർണം നിക്ഷേപിച്ച ബാഗ് എലികളുടെ കസ്റ്റഡിയിലാണെന്ന് കണ്ടെത്തിയത്. പിന്നെ എലികളെ പിടികൂടാനായി പൊലീസിന്റെ ശ്രമം.
പൊലീസ് പിന്നാലെ കൂടിയതോടെ സ്വർണവുമായി എലികൾ ഓടയിലേക്ക് ഓടിയൊളിച്ചു. തുടർന്ന് ഏറെ നേരത്തേ പരിശ്രമത്തിനൊടുവിലാണ് എലികളെ കണ്ടെത്തിയത്. ഏറെ പണിപ്പെട്ട് എലികളുടെ പക്കലുള്ള സ്വർണം നിക്ഷേപിച്ച ബാഗ് പൊലീസ് കണ്ടെത്തി.