നൈജീരിയയിൽ ക്രിസ്ത്യൻ പള്ളിയിൽ വീണ്ടും തീവ്രവാദി ആക്രമണം, മൂന്നു പേർ കൊല്ലപ്പെട്ടു; 36 പേരെ തട്ടിക്കൊണ്ടുപോയി
കടുണ: പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ നാല്‍പ്പതിലധികം ക്രൈസ്തവരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണത്തിന്റെ ഞെട്ടല്‍ മാറും മുന്പേ നൈജീരിയയിലെ കടുണ സംസ്ഥാനത്ത് സമാനമായ ആക്രമണം. കഴിഞ്ഞ (ജൂണ്‍ 19) ഞായറാഴ്ച രണ്ട് ദേവാലയങ്ങൾ ആക്രമിച്ച് തീവ്രവാദികള്‍ വെടിവെയ്പ്പ് നടത്തി. സംഭവത്തില്‍ 3 പേര്‍ ഇതിനോടകം കൊല്ലപ്പെട്ടു. സെന്റ് മോസസ് കത്തോലിക്കാ ദേവാലയവും മാറാനാത്ത ബാപ്റ്റിസ്റ്റ് ദേവാലയവുമാണ് ആക്രമിക്കപ്പെട്ടത്. ഈ സമയത്ത് വിശ്വാസികൾ ദേവാലയങ്ങളിൽ പ്രാർത്ഥനയിൽ ആയിരുന്നു. കജുരു എന്ന പേരിലാണ് ഈ പ്രദേശം അറിയപ്പെടുന്നത്. തോക്കുധാരികൾ മൂന്നുപേരെ കൊലപ്പെടുത്തുകയും, കുറഞ്ഞത് 36 ഓളം ആളുകളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തുവെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടില്‍ പറയുന്നു.
മൂന്നു പേര്‍ കൊല്ലപ്പെട്ടുവെന്നും നിരവധി പേരെ തട്ടിക്കൊണ്ടുപോയെന്നും നൈജീരിയന്‍ മെത്രാന്‍ സമിതിയും സ്ഥിരീകരിച്ചു. അജ്ഞാതരായ തോക്കുധാരികൾ കടുണ സംസ്ഥാനത്തിലെ കജുരു എൽജിഎയിലെ റോബുഹിലെ സെന്റ് മോസസ് കത്തോലിക്ക പള്ളിയിലെ ആദ്യത്തെ കുർബാന അവസാനിക്കുവാനിരിക്കെ ആക്രമിച്ചുവെന്ന് മെത്രാന്‍ സമിതിയുടെ ബ്രോഡ്കാസ്റ്റ് കമ്മീഷന്‍ വ്യക്തമാക്കി. ഭീകരർ വൻതോതിൽ വന്ന് ഇടയ്ക്കിടെ വെടിയുതിർക്കുകയായിരുന്നുവെന്നും മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം നിരവധി വിശ്വാസികളെ തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്നും നിരവധി പേര്‍ക്ക് പരിക്കുകൾ ഏൽക്കേണ്ടി വന്നതായും കമ്മീഷന്റെ പ്രസ്താവനയില്‍ പറയുന്നു.
നൈജീരിയയിലെ ഒൺണ്ടോ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഫ്രാൻസിസ് സേവ്യർ ദേവാലയം രണ്ടാഴ്ച മുന്‍പാണ് തീവ്രവാദികൾ ആക്രമിച്ചത്. ഏകദേശം നാല്പതോളം ആളുകളാണ് അന്ന് മരണമടഞ്ഞത്. ദീർഘനാളായി പ്രാദേശിക സമൂഹങ്ങളെ ലക്ഷ്യംവെച്ച് അക്രമസംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നും, ഇത് ഭൂരിപക്ഷം അക്രമങ്ങളും ആരും റിപ്പോർട്ട് ചെയ്യാതെയും, ശ്രദ്ധിക്കപ്പെടാതെയും പോവുകയാണെന്നും കടുണ സംസ്ഥാനത്തെ ഗവർണറുടെ മുൻ മാധ്യമ ഉപദേശകൻ റൂബൻ ബുഹാരി പറഞ്ഞു.
അടുത്തിടെ 2 തവണ കജുരുവിലെ റോബോ ഗ്രാമം ആക്രമിക്കപ്പെട്ട സംഭവങ്ങൾ അദ്ദേഹം ഓർമിപ്പിച്ചു. സംസ്ഥാനത്തെ ആക്റ്റിങ്ങ് ഗവർണറായ ഹഡിസ സബുവ സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും, അവരുടെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായും ഗവർണർ പറഞ്ഞു. പ്രദേശത്ത് പോലീസ് പട്രോളിംഗ് നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.സംഭവത്തെ കുറിച്ച് കൂടുതല്‍ വിശദവിവരങ്ങള്‍ അറിയിക്കാമെന്ന് നൈജീരിയന്‍ മെത്രാന്‍ സമിതിയുടെ ബ്രോഡ്കാസ്റ്റ് കമ്മീഷനും വ്യക്തമാക്കിയിട്ടുണ്ട്.