കോംഗോയിൽ 10 ക്രൈസ്തവരെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തി

0

കോംഗോ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ ഇസ്ലാമിക തീവ്രവാദികൾ പത്ത് ക്രൈസ്തവരെ കൊലപ്പെടുത്തി. ജൂൺ 21 ചൊവ്വാഴ്ച ബെനി നഗരത്തിലെ മകിസാബോ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ‘ദ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ്’ എന്ന സംഘടന ക്രൈസ്തവർ സഞ്ചരിക്കുകയായിരുന്ന വാഹനം തടഞ്ഞുനിർത്തി നിറയൊഴിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വാഹനം അഗ്നിക്കിരയാക്കുകയും ചെയ്തു. സംഭവത്തിനു പിന്നാലെ ഉഗാണ്ടയെയും, കോംഗോയുടെ കിഴക്കൻ പ്രദേശത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ വഴിയിലുള്ള വാഹന ഗതാഗതം സർക്കാർ നിരോധിച്ചു.

അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് തീവ്രവാദികളുടെ ആക്രമണങ്ങളില്‍ ജീവിതം ദുരിതപൂർണമാകുന്നത് തുടരുകയാണെന്ന് കൊലപാതകം നടന്ന റോഡിലൂടെ സ്ഥിരമായി വാഹനം ഓടിക്കുന്ന ഒരു ടാക്സി ഡ്രൈവർ ക്രൈസ്തവ സന്നദ്ധ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണിനോട് പറഞ്ഞു. തീവ്രവാദികൾ ആളുകള്‍ക്ക് നേരെ തിരിയാത്ത ഒരു ദിവസം പോലുമില്ല. ഗ്രാമങ്ങൾ സുരക്ഷിതമല്ല. റോഡുകൾ സുരക്ഷിതമല്ല. പട്ടണങ്ങൾ സുരക്ഷിതമല്ല. ദൈവത്തിന്റെ കരുണ കൊണ്ട് മാത്രമാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോലി ചെയ്യാൻ വേണ്ടി ഇനിയെന്ന് റോഡ് സർക്കാർ തുറന്നുതരുമെന്ന കാര്യത്തിലും ടാക്സി ഡ്രൈവർ ആശങ്കപ്പെടുത്തി.

കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ സുരക്ഷാപ്രശ്നം ചർച്ചചെയ്യാൻ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഈസ്റ്റ് ആഫ്രിക്കൻ കമ്മ്യൂണിറ്റി കെനിയയിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജ്യത്ത് വീണ്ടും ക്രൂരമായ കൊലപാതകങ്ങൾ നടന്നിരിക്കുന്നത്. വിമത വിഭാഗങ്ങൾ ക്രൈസ്തവരെ ലക്ഷ്യം വെക്കുന്നതിൽ സ്ഥലത്തെ പ്രാദേശിക മെത്രാനും ആശങ്ക രേഖപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി ആക്രമണം നടത്തിയ സംഘടനയ്ക്ക് ബന്ധം ഉണ്ടെന്നതിന് തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജീവൻ വേണമെങ്കില്‍ ഇസ്ലാമിക വിശ്വാസ പ്രമാണമായ ഷഹദ ചൊല്ലാൻ തീവ്രവാദികൾ ആവശ്യപ്പെട്ടുവെന്നും പേര് വെളിപ്പെടുത്താത്ത പ്രാദേശിക മെത്രാന്‍ പറഞ്ഞു. അഭയാർത്ഥികൾക്കും, വിധവകൾക്കും, അനാഥർക്കും സഹായം നൽകാൻ വേണ്ടി ക്രൈസ്തവ സഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും, പിന്തുണ നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

You might also like