സ്പെയിനിൽ ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലിയില്‍ പങ്കെടുത്തത് ഒരു ലക്ഷത്തിലധികം ആളുകള്‍

0

മാഡ്രിഡ്: സ്പെയിനിലെ ഭ്രൂണഹത്യ നിയമങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കെതിരെയും, മാനുഷികാന്തസ്സ് ലംഘിക്കുന്ന മറ്റ് ബില്ലുകള്‍ക്കെതിരെയും മാഡ്രിഡില്‍ സംഘടിപ്പിച്ച ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലിയില്‍ പങ്കെടുത്തത് ഒരു ലക്ഷത്തിലധികം ആളുകള്‍. നിയോസ്, ദി അസംബ്ലി ഓഫ് അസോസിയേഷന്‍ ഫോര്‍ ലൈഫ്, ലിബര്‍ട്ടി ആന്‍ഡ്‌ ഡിഗ്നിറ്റി, ദി എവരി ലൈഫ് മാറ്റേഴ്സ് പ്ലാറ്റ്ഫോം എന്നീ പ്രോലൈഫ് സംഘടനകള്‍ സംയുക്തമായാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഏതാണ്ട് ഇരുനൂറോളം സാമൂഹിക സംഘടനകളും മാര്‍ച്ചില്‍ പങ്കെടുത്തു.

ബില്‍ബാവോ റൗണ്ട്എബൗട്ടില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് പ്ലാസാ കൊളോണിലാണ് അവസാനിച്ചത്. 16, 17 വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അനുവാദം കൂടാതെ തന്നെ ഗര്‍ഭഛിദ്രം നടത്തുവാനുള്ള അനുവാദം നല്‍കുന്നതാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന മാറ്റം. ഇക്കഴിഞ്ഞ മെയ് 17നാണ് ‘ദി റിഫോം ഓഫ് അബോര്‍ഷന്‍ ലോ’യ്ക്കു സ്പെയിനിന്റെ മന്ത്രിസമിതി അംഗീകാരം നല്‍കിയത്.

സമൂഹത്തിന്റെ ക്രിസ്തീയ അടിത്തറയെ സംരക്ഷിക്കുകയും ചലനാത്മകമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമായി മാറിയിരിക്കുകയാണെന്നും കഴിഞ്ഞ കാലത്തേക്കുറിച്ച് ചര്‍ച്ച ചെയ്യുവാനല്ല മറിച്ച് ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകളുടെ തയ്യാറെടുപ്പിന് വേണ്ടിയാണ് ഇവിടെ കൂടിയിരിക്കുന്നതെന്നും നിയോസ് അംഗമായ ജയിമെ മേയര്‍ ഒരേജ മാര്‍ച്ചിനിടെ പറഞ്ഞു. ജീവന്റേയും, പുതിയ ഭാവിയുടേതുമായ ഒരു സംസ്കാരം കെട്ടിപ്പടുക്കുവാനും അതിലൂടെ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുവാനും വേണ്ടിയാണ് മാര്‍ച്ച് സംഘടിപ്പിച്ചതെന്നു അസംബ്ലി ഓഫ് അസോസിയേഷന്‍ ഫോര്‍ ലൈഫ്, ലിബര്‍ട്ടി ആന്‍ഡ്‌ ഡിഗ്നിറ്റിയുടെ കോര്‍ഡിനേറ്ററായ ജോസഫ് മിരോ ഓര്‍മ്മിപ്പിച്ചു.

സെന്റര്‍ ഫോര്‍ യൂണിവേഴ്സിറ്റി സ്റ്റഡീസ്’ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫാമിലി സ്റ്റഡീസിന്റെ ഡയറക്ടറായ കാര്‍മെന്‍ ഫെര്‍ണാണ്ടസ് ഗര്‍ഭഛിദ്ര നിയമങ്ങളില്‍ സ്പാനിഷ് ഗവണ്‍മെന്റിന്റെ എക്സിക്യുട്ടീവ്‌ ബ്രാഞ്ച് അംഗീകരിച്ച വിവാദ മാറ്റങ്ങളെ ശക്തമായി അപലപിച്ചു. 16 വയസ്സായ ഒരു പെണ്‍കുട്ടിക്ക് പോലും അവളെ ഏറ്റവും കൂടുതല്‍ സ്നേഹിക്കുകയും, പരിപാലിക്കുകയും ചെയ്യുന്ന കുടുംബം അറിയാതെ ഭ്രൂണഹത്യ നടത്തി വരാമെന്നത് ഒരു ധാര്‍മ്മികതയായി നമ്മള്‍ കണക്കാക്കണമെന്നാണ് അധികാരികളുടെ ആഗ്രഹമെന്ന് അവര്‍ പറഞ്ഞു. ഗര്‍ഭഛിദ്ര നിയമം നിലവില്‍ വന്ന 1985-ന് ശേഷം ഏതാണ്ട് 25 ലക്ഷം അബോര്‍ഷനുകള്‍ സ്പെയിനില്‍ നടന്നിട്ടുണ്ടെന്ന് 40 ഡെയ്സ് ഫോര്‍ ലൈഫ് പ്രചാരണത്തിന്റെ നാഷണല്‍ കൊ-ഓര്‍ഡിനേറ്ററായ നയേലി റോഡ്രിഗസ് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് ഓഫ് ഡെപ്യൂട്ടീസിന്റെ ചര്‍ച്ചക്കും, വോട്ടിംഗിനു ശേഷം ബില്‍ സെനറ്റിന്റെ പരിഗണനക്കായി പോകും.

https://twitter.com/NEOS_esp/status/1541015983367888896?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1541015983367888896%7Ctwgr%5E%7Ctwcon%5Es1_c10&ref_url=http%3A%2F%2Fpravachakasabdam.com%2Findex.php%2Fsite%2Fnews%2F19154
You might also like