സെക്‌സ് ബന്ദ് പ്രഖ്യാപിച്ച് അമേരിക്കന്‍ വനിതകള്‍

0

ഗര്‍ഭഛിദ്രത്തിനുള്ള അവകാശം എടുത്തുകളഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ അമേരിക്കയില്‍ ദേശവ്യാപകമായി പ്രതിഷേധം ഇരമ്പുകയാണ്. ഗര്‍ഭഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കിയ റോ വി. വേഡ് വിധി റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതി പുതിയ വിധി പ്രഖ്യാപിച്ചത്. ആ തീരുമാനം മാറ്റി റോ വി വേഡ് വിധി പുനഃസ്ഥാപിക്കുന്നതുവരെ ലൈംഗിക ബന്ധത്തില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് പ്രഖ്യാപിച്ച് ആയിരക്കണക്കിന് സ്ത്രീകളാണ് തെരുവിലിറങ്ങിയത്.

കോടതി വിധിയെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു പ്രതിഷേധം ആരംഭിച്ചത്. ഫെഡറല്‍ നിയമത്തില്‍ സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രത്തിനുള്ള അവകാശം എടുത്തു കളഞ്ഞപ്പോള്‍ 26 ഓളം സംസ്ഥാനങ്ങള്‍ അവരുടെ നിലയ്ക്ക് ഗര്‍ഭഛിദ്രത്തിനായി കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങളൂം നിയമങ്ങളും കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. അതിനിടയിലാണ് അമേരിക്കയില്‍ സെക്‌സ് ബന്ദ് പ്രഖ്യാപിച്ചത്. നിലവിലെ വിധി റദ്ദാക്കി, സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രത്തിനുള്ള അവകാശം പുനഃസ്ഥാപിക്കുന്നതുവരെ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടില്ല എന്നാണ് ഇവര്‍ പറയുന്നത്.

റോ വി വേയ്ഡ് വിധിഅസാധുവാക്കിയതോടെ അമേരിക്കന്‍ സ്ത്രീകള്‍ ഇപ്പോള്‍ ആഗ്രഹിക്കാത്ത ഗര്‍ഭത്തിന്റെ ഭീഷണിയിലാണ് ജീവിക്കുന്നതെന്നും അതിനാല്‍ പഴയ നിയമം പുനഃസ്ഥാപിക്കുന്നതുവരെ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുതെന്നും ട്വീറ്ററിലൂടെയായിരുന്നു ആഹ്വാനം വന്നത്. ഗര്‍ഭിണികളാകാന്‍ ആഗ്രഹിക്കാത്തിടത്തോളം കാലം സ്വന്തം ഭര്‍ത്താക്കന്മാരുമായി പോലും ലൈംഗിക ബന്ധം പുലര്‍ത്തരുത് എന്നും അതില്‍ പറയുന്നു. സ്ത്രീയുടേ ശക്തി എന്തെന്ന് കാണിച്ചു കൊടുക്കണം എന്നാണ് ഇതിന് താഴെ വരുന്ന കമന്റുകള്‍ ഏറെയും പറയുന്നത്. സുപ്രീം കോടതി വിധി തിരുത്തുന്നതുവരെ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയില്ല എന്നും അവര്‍ പറയുന്നു.

ദേശവ്യാപകമായി സെക്‌സ് സ്‌ട്രൈക്ക് പ്രഖ്യാപിച്ച വനിതകള്‍ ഇക്കാര്യത്തില്‍ പുരുഷന്മാര്‍ സഹകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമം സ്ത്രീയുടെ അവകാശത്തെ ചവിട്ടി മെതിക്കുകയാണ് എന്ന് പറഞ്ഞ ഒരു ട്വീറ്റര്‍ ഉപയോക്താവ്, പുരുഷന്മാര്‍ സ്ത്രീകളുമായുള്ള ലൈംഗിക ബന്ധത്തില്‍ നിന്നും മാറി നിന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

ദേശവ്യാപകമായി തന്നെ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. പ്രതിഷേധം പൊതുവേ സമാധാനപരമായിട്ടാണ് നടക്കുന്നതെങ്കിലും ചിലയിടങ്ങളില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ അക്രമം ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സെഡാര്‍ റാപിഡ്‌സില്‍ പ്രകടനക്കാരുടെ നേര്‍ക്ക് ഒരു ട്രക്ക് ഓടിച്ചു കയറ്റാന്‍ ശ്രമിച്ചതിന്റെ ഫലമായി ഒരു വനിതയുടെ കാല്പ്പത്തി പൂര്‍ണ്ണമായും തകര്‍ന്നു. അതിനിടയില്‍ പോര്‍ട്ട്‌ലാന്‍ഡിലെ ഓറിഗോണില്‍ ഒരു പറ്റം പ്രതിഷേധക്കാര്‍ നിരവധി കെട്ടിടങ്ങളുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ന്യുയോര്‍ക്ക് നഗരത്തിലും ആയിരക്കണക്കിന് സ്ത്രീകള്‍ അണിനിരന്ന പ്രകടനം നടന്നു. തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടാന്‍ പുരുഷന്മാര്‍ തയ്യാറാകുന്നില്ലെങ്കില്‍ അവര്‍ തങ്ങളുമായുള്ള ലൈംഗിക ബന്ധത്തിന് അര്‍ഹരല്ല എന്നായിരുന്നു പ്രകടനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞത്. വെള്ളിയാഴ്ച്ച ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ പ്രതിഷേധം പൊതുവേ സമാധാനപരമായിരുന്നു. എന്നാല്‍, ശനിയാഴ്ച്ച പലയിടങ്ങളിലും പ്രതിഷേധക്കാര്‍ അക്രമാസക്തരായതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

ഗ്രീന്‍വില്ലെയില്‍ പ്രതിഷേധക്കാരും, കോടതി വിധിയെ അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. കുരുമുളക് സ്‌പ്രേ ഉപയോഗിച്ചായിരുന്നു പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. ആറുപേരെ അറസ്റ്റ് ചെയതതായും പോലീസ് പറഞ്ഞു. ഗര്‍ഭഛിദ്രം ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമാണെന്ന് എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു മിക്കയിടങ്ങളിലും പ്രതിഷേധം അരങ്ങേറിയത്. തോക്കുമായി സ്‌കൂളിച്ചെന്ന് വെടിവെച്ചല്ലാതെ കുട്ടികളെ കൊല്ലരുതെന്നാണ് സുപ്രീം കോടതി പറയുന്നതെന്ന് അമേരിക്കയുടെ വര്‍ത്തമാനകാല സാഹചര്യങ്ങളെ കളിയാക്കുന്ന രീതിയിലുള്ള ആക്ഷേപഹാസ്യ പോസ്റ്ററുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരുന്നു.

വൃത്തികെട്ട രാഷ്ട്രീയം എന്റെ ഗര്‍ഭപാത്രത്തില്‍ വേണ്ട എന്ന് ഉറപ്പിച്ചു പറയുന്ന പ്ലക്കാര്‍ഡുകള്‍ ഏന്തിയവര്‍ അക്കാര്യം ഉറക്കെ തന്നെ വിളിച്ചു പറയുന്നുണ്ടായിരുന്നു. വിധി വന്നതോടെ മിസോറി സംസ്ഥാനം ഗര്‍ഭഛിദ്രം പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ട് രംഗത്ത് വന്നു. ബലാത്സംഗത്തിന് വിധേയയായാലോ, അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള ബന്ധത്തിലൂടെ ഉണ്ടായ ഗര്‍ഭമായാലോ പോലും അലസിപ്പിക്കരുത്. അലബാമ, അര്‍ക്കനാസ്, കെന്റുക്കി, ലൂസിയാന, ഒക്ലഹോമ, സൗത്ത് ഡക്കോട്ട, ഉട്ടാവ തുടങ്ങിയ സംസ്ഥാനങ്ങളും ഈ വഴിക്ക് നീങ്ങുകയാണ്.

You might also like