യു എസ്സിൽ വർണ്ണ വിദ്വേഷത്തിനെതിരെ ഏഷ്യൻ അമേരിക്കൻ ഗ്രൂപ്പുകൾ പ്രകടനം നടത്തി

0

അറുപതിലേറെ ഏഷ്യൻ അമേരിക്കൻ-മൾട്ടി കൾച്ചറൽ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ വാഷിംഗ്ടണിൽ പടുകൂറ്റൻ ഐക്യദാർഢ്യ പ്രകടനം നടന്നു. വർധിച്ചു വരുന്ന വർണ വിദ്വേഷത്തിനും വിവേചനത്തിനുമെതിരെ അവർ ശബ്ദമുയർത്തി.

നാഷണൽ മാളിൽ നടന്ന പ്രകടനത്തിൽ ഏഷ്യൻ അമേരിക്കൻ പൗരന്മാർക്കു പുറമെ പസിഫിക് ദ്വീപുകളിൽ നിന്നുള്ളവരും പങ്കെടുത്തു. മാധ്യമങ്ങളിലും സർക്കാരിലും കൂടുതൽ പ്രാതിനിധ്യം വേണമെന്ന് പ്രകടനക്കാർ ആവശ്യപ്പെട്ടു. ഗർഭഛിദ്ര അവകാശം റദ്ദാക്കിയത് വർണ സമൂഹങ്ങളെ കൂടുതൽ ബാധിക്കുമെന്നു അവർ ചൂണ്ടിക്കാട്ടി. കുഞ്ഞുകുട്ടികൾ മുതൽ പ്രായമേറെ ആയവർ വരെ പങ്കെടുത്തു.

എല്ലാ ഏഷ്യൻ അമേരിക്കക്കാരും വിജയം നേടിയവരാണ് എന്ന പ്രചാരണം മിഥ്യയാണെന്നു സംസാരിച്ചവർ ചൂണ്ടിക്കാട്ടി. തീവ്ര സ്വഭാവമുള്ള വംശീയ സംഘടനകൾ ഈ മിഥ്യയുടെ പേരിലാണ് ഏഷ്യാക്കാർക്കെതിരെ തിരിഞ്ഞത്.

“നമ്മുടെ സമൂഹത്തിൽ വളരെ വലുതും ദൃശ്യവുമായ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ഞങ്ങൾക്കുണ്ടായി,” ഏഷ്യൻ അമേരിക്കൻസ് അഡ്വാൻസിങ് ജസ്റ്റിസ് (എ എ എ ജെ) ഡയറക്ടർ ടിഫാനി ചാങ് പറഞ്ഞു. “കാരണം മറ്റുള്ളവർ നമ്മുടെ കഥ പറയുമ്പോൾ സത്യം മറഞ്ഞു പോകുന്ന, വിനാശകരമായ രീതിയിലായിരുന്നു അത്.” ഗർഭഛിദ്ര വിധിയുടെ പശ്ചാത്തലത്തിൽ, സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി പോരാട്ടം തുടരാൻ തീരുമാനിച്ചതായി സംഘാടകർ പറഞ്ഞു.

2020 ൽ ഏഷ്യൻ അമേരിക്കൻ പൗരന്മാരെ ലക്ഷ്യം വച്ചുള്ള വിദ്വേഷ അക്രമങ്ങൾ 158 ൽ നിന്ന് 274 ആയി ഉയർന്നു. 74% വർധന. ഇത് എഫ് ബി ഐ കണക്കാണ്. മഹാമാരിക്കാലത്തു ഏഷ്യക്കാർ ഒട്ടേറെ അക്രമത്തിനു ഇരകളായിട്ടുണ്ട്‌.

You might also like