ഒപ്പം നിന്നവരാണ് പിന്നിൽ നിന്ന് കുത്തിയത്; മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രാജിവെച്ചു

0

രാഷ്ട്രീയ അനിശ്ചിതത്തിനൊടുവിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രാജിവെച്ചു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്ന രാജി പ്രഖ്യാപിച്ചത്. കോടതി വിധി മാനിച്ചുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കുന്നുവെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.

ജനാധിപത്യം പിന്തുടരപ്പെടണമെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് ഉദ്ധവ് പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ കൗൺസിലിൽ നിന്നും താൻ പുറത്തുപോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ശിവജി മഹാരാജിന്റെ പാരമ്പര്യം താൻ കാത്തുസൂക്ഷിക്കും. രണ്ടരവർഷക്കാലം സംസ്ഥാനത്തിന് വേണ്ടിയും ജനങ്ങൾക്ക് വേണ്ടിയും താൻ പ്രവർത്തിച്ചു. അതിൽ സംതൃപ്തിയുണ്ട്. താൻ അധികാര മോഹിയല്ല. തന്റെ ഒപ്പം നിന്നവരാണ് പിന്നിൽ നിന്ന് കുത്തിയത്.

വികസനനേട്ടങ്ങൾ എണ്ണപ്പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ ഈ ടേമിലെ മുഖ്യമന്ത്രിയെന്ന നിലയിലെ അവസാനത്തെ പൊതുജനങ്ങൾക്കുള്ള അഭിസംബോധന. ഞങ്ങൾ കർഷകരെ കടത്തിൽ നിന്ന് രക്ഷിച്ചു. എൻസിപിക്കും കോൺഗ്രസിനും നന്ദി. ശരദ്പവാറിനേയും സോണിയാ ഗാന്ധിയേയും നന്ദി അറിയിക്കുന്നു. ഇന്ന് മന്ത്രിസഭയിലുണ്ടായിരുന്നത് നാല് ശിവസേനാ മന്ത്രിമാർ മാത്രമെന്നും അദ്ദേഹം പറഞ്ഞു.

ഔറംഗാബാദിന്റെ പേര് മാറ്റി ഒനാബാദ് എന്നാക്കി. കോൺഗ്രസും എൻസിപിയും എതിർത്തതേയില്ല. തൊഴിലാളികളും സാധാരണക്കാരും ഇന്ന് ആശങ്കയിലാണ്. ഗവർണർക്കും നന്ദി. നാളെ ഒരു പുതിയ സർക്കാർ വരും. ഒരു ശിവസൈനികനും അവരെ തടയില്ല. വിമതരുടെ വൈകാരികതയെ മാനിക്കുന്നു. പക്ഷെ, അവർക്ക് നേരിട്ട് തന്റെയടുക്കലേക്ക് വരാമായിരുന്നു. സൂററ്റിലേക്കോ ഗുവാഹത്തിയിലേക്കോ പോകുന്നതിന് പകരം വർഷയിലേക്കോ മാതോശ്രീയിലേക്കോ വരേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭയക്കേണ്ടത് താനല്ല. ശിവസൈനികരുടെ രക്തം തെരുവിൽ വീഴാതിരിക്കാനാണ് മുഖ്യമന്ത്രി പദമൊഴിയുന്നത്. പദവിയല്ല ശിവസൈനികരുടെ പിന്തുണയാണ് തനിക്ക് വലുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാ അഘാഡി സർക്കാരിന്റെ പതനം ആഘോഷിച്ച് ബിജെപി, ബിജെപി എംഎൽഎമാർ താമസിക്കുന്ന താജ് പ്രസിഡന്റ് ഹോട്ടലിൽ ലഡു വിതരണം ചെയ്ത് ആഘോഷം നടന്നു. ദേവേന്ദ്ര ഫഡ്നാവിസും ബിജെപി നേതാക്കളും മധുരം പങ്കിട്ടു.

You might also like