യു എസ്സിൽ ഒന്നരവയസ്സുകാരന്‍ കാറിലിരുന്ന് ചൂടേറ്റ് മരിച്ചതറിഞ്ഞ് പിതാവ് ആത്മഹത്യ ചെയ്തു
വെർജീനിയ: 18 മാസം പ്രായമുള്ള മകൻ അബദ്ധത്തിൽ കാറിലിരുന്ന് മരിച്ചതിനെ തുടർന്ന് പിതാവ് സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തതായി ചൊവ്വാഴ്ച(ജൂൺ 28ന്) നടത്തിയ വാർത്താ സമ്മേളനത്തിൽ ചെസ്റ്റർഫിൽഡ് കൗണ്ടി പോലീസ് ഡിപ്പാർട്ട്മെന്റ് ചീഫ് അറിയിച്ചു.
സംഭവം നടന്ന ദിവസം കുട്ടിയെ ഡെ കെയറിൽ കാണാത്തതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ കുട്ടിയുടെ പിതാവ് കുടുംബാംഗങ്ങളിൽ ഒരാളെ വിളിച്ചു കുട്ടി മരിച്ചുവെന്നും, ഞാൻ ആത്മഹത്യ ചെയ്യുകയാണെന്നും അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച പോലീസ് വീട്ടിലെത്തുമ്പോൾ വീടിനകത്ത് കുട്ടി മരിച്ചു കിടക്കുന്നതും, പിതാവ് വീടിനുപുറകിലുള്ള മരങ്ങൾക്കിടയിൽ വെടിയേറ്റു മരിച്ചു കിടക്കുന്നതുമാണ് കണ്ടത്. ഡ്രൈവേയിൽ കിടന്നിരുന്ന കാറിന്റെ ഡോർ തുറന്നു കിടക്കുന്നതും, കാർ സീറ്റ് പുറകിൽ ഇരിക്കുന്നതും ശ്രദ്ധയിൽപെട്ടു.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കുട്ടി കാറിനകത്തു മൂന്നു മണിക്കൂറിലധികം ഇരുന്നിട്ടുണ്ടാകാമെന്നും, ചൂടേറ്റു മരിച്ചതിനെ തുടർന്ന് കുട്ടിയെ വീട്ടിൽ കൊണ്ടുവന്ന് കിടത്തിയ ശേഷം പിതാവ് വെടിവെച്ചു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ചൂണ്ടികാണിക്കുന്നു.
ഇതു ഒരു ദാരുണ സംഭവമാണെന്നും, കുട്ടിയുടെ മരണം കാറിനകത്തു ചൂടേറ്റതിനാലായിരിക്കാം എന്നും ഇതിൽ മനം നൊന്തായിരിക്കണം പിതാവ് ആത്മഹത്യ ചെയ്തതെന്നും പോലീസ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ആത്മഹത്യപ്രേരണ സ്വാഭാവികമാണെന്നും, എന്നാൽ ഇതൊഴിവാക്കുന്നതിനു നാഷ്ണൽ സൂയിസൈഡ് പ്രിവൻഷൻ ലൈഫ് ലൈനിനെ ബന്ധപ്പെടണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.