ഓസ്ട്രേലിയയിൽ വീടുകളുടെ വിലകൾ ഇടിയുന്നു

0

ഹൗസിംഗ് ഡാറ്റ ആൻഡ് അനലിറ്റിക്‌സ് സ്ഥാപനമായ കോർലോജികിന്റെ കണക്കനുസരിച്ച് രാജ്യത്തെ വീട് വിലയിൽ ജൂൺ മാസത്തിൽ 0.6 ശതമാനത്തിൻറെ ഇടിവുണ്ടായതായാണ് റിപ്പോർട്ട്. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരങ്ങളായ സിഡ്‌നിയിൽ 1.6 ശതമാനത്തിന്റെയും, മെൽബണിൽ 1.1 ശതമാനത്തിന്റയും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ചില ഉൾനാടൻ പ്രദേശങ്ങളിലും വീട് വിലയിൽ കുറവുണ്ടായതായി കോർലോജിക് റിപ്പോർട്ടിൽ പറയുന്നു. ഹോബാർട്ടിൽ 0.2 ശതമാനത്തിന്റെ കുറവ് വീട് വിലയിലുണ്ടായി. വിക്ടോറിയയുടെ ഉൾനാടൻ പ്രദേശങ്ങളിലും 0.1 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പണപ്പെരുപ്പം തടയുന്നതിനായി റിസർവ്വ് ബാങ്ക് പലിശ നിരക്കിൽ പ്രഖ്യാപിച്ച വർദ്ധനവാണ് വീട് വില ഇടിയുവാൻ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. അതേസമയം ചില തലസ്ഥാന നഗരങ്ങളിൽ വീട് വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ജൂൺ മാസത്തിൽ അഡ്‌ലെയ്‌ഡിൽ 1.3 ശതമാനം വർദ്ധനവാണ് വീട് വിലയിലുണ്ടായത്. ഡാർവിൻ 0.9 ശതമാനത്തിന്റെയും, പെർത്തിൽ 0.4 ശതമാനത്തിന്റയും, കാൻബെറയിൽ 0.3 ശതമാനത്തിന്റയും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ക്വീൻസ്ലാന്റ്‌ തലസ്ഥാനമായ ബ്രിസ്‌ബൈനിലും വീട് വിലയിൽ 0.1 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

മറ്റൊരു വിപണി വിശകലന സ്ഥാപനമായ പ്രോപ്പ് ട്രാക്ക് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ജൂൺ മാസത്തിൽ ഓസ്‌ട്രേലിയൻ ഭവന വിപണിയിൽ 0.25 ശതമാനത്തിൻറ ഇടിവാണ് ഉണ്ടായിരിക്കുന്നത്. സിഡ്‌നിയിൽ 0.4 ശതമാനവും, മെൽബണിൽ 0.6 ശതമാനവും ഇടിവുണ്ടായതായി പ്രോപ്പ് ട്രോക്കിന്റെ റിപ്പോർട്ടിൽ പറയുന്നു.

കോർലോജിക്കിന്റെ റിപ്പോർട്ടിൽ നിന്ന് വ്യത്യസ്തമായി ബ്രിസ്ബൈനിലും, കാൻബെറയിലും വീട് വില ഇടിഞ്ഞതായും പ്രോപ്പ് ട്രാക്കിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. രാജ്യത്തെ വീട് വിലയിൽ വരും മാസങ്ങളിൽ ഇനിയും കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. അടുത്ത വർഷം അവസാനത്തോടെ ഭവന വിപണി സ്ഥിരത കൈവരിക്കാൻ ആരംഭിക്കുമെന്നും എന്നാൽ അതിന് മുൻപ് മെൽബണിലും, സിഡ്‌നിയിലും വീടുകളുടെ വില 15 ശതമാനം കുറയുമെന്നും ബാരെൻജോയിൽ പ്രവർത്തിക്കുന്ന ജോ മാസ്റ്റേഴ്‌സ് പറഞ്ഞു.

ഭവനവിപണയിൽ കിതപ്പ് രേഖപ്പെടുത്തുമ്പോളും രാജ്യത്തെ വീടുകളുടെ വാടക മുന്നോട്ട് കുതിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ജൂണിൽ രാജ്യത്തുടനീളമുള്ള വാടക വിപണിയിൽ 0.9 ശതമാനം വർധനയുണ്ടായെന്നാണ് കോർ ലോജികിന്റെ റിപ്പോർട്ട് പറയുന്നത്. വാർഷിക വളർച്ചാ നിരക്കിൽ 9.5 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

You might also like