ഹൃദയാരോഗ്യത്തിന്‌ നല്ല ഉറക്കം അനിവാര്യം

0

ഹൃദയാരോഗ്യത്തിനു വേണ്ടി പാലിക്കേണ്ട കാര്യങ്ങളുടെ പട്ടികയിലേക്ക് നല്ല ഉറക്കം കൂടി ചേർത്ത് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ. ആരോഗ്യകരമായ ശരീരഭാരം, പുകവലി ഇല്ലായ്മ, ശാരീരികമായി സജീവമായിരിക്കൽ, ആരോഗ്യകരമായ ഭക്ഷണക്രമം, രക്തസമ്മർദ്ദം, കൊളസ്ട്രോളിന്റെയും രക്തത്തിലെ പഞ്ചസായുടെയും നിയന്ത്രണം എന്നിവയായിരുന്നു മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിനായി അസോസിയേഷൻ മുൻപ് നിർദ്ദേശിച്ച ഏഴ് ഘടകങ്ങൾ. ഈ പട്ടികയിലേക്കാണ് ഉറക്കത്തിന്റെ നിലവാരവും ഇപ്പോൾ ചേർക്കപ്പെട്ടിരിക്കുന്നത്. ജീവിതത്തിന്റെ 8 അവശ്യ ഘടകങ്ങൾ എന്ന അർഥത്തിൽ “ലൈഫ്സ് എസൻഷ്യൽ 8” എന്നാണ് ഈ ഘടകങ്ങളെ വിളിക്കുന്നത്.

മുതിർന്നവർ ശരാശരി ഏഴ് മുതൽ ഒൻപത് വരെ മണിക്കൂർ രാത്രി ഉറങ്ങണമെന്നും കുട്ടികളുടെ ഉറക്കത്തിന്റെ ദൈർഘ്യം പ്രായത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെന്നും അസോസിയേഷന്റെ പുതിയ മാർഗ്ഗരേഖ പറയുന്നു. ഉറക്കം കുറയുന്നതും അമിതമാകുന്നതും ഹൃദയാരോഗ്യത്തിന് വിനയാകുമെന്നും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ മുന്നറിയിപ്പു നൽകുന്നു. ഉറക്കത്തിന്റെ നിലവാരമില്ലായ്മ മറ്റ് ഏഴു ഘടകങ്ങളെയും ബാധിക്കാമെന്നും പുതിയ മാർഗ്ഗരേഖ വ്യക്തമാക്കി.

2010 ൽ അസോസിയേഷൻ പ്രസിഡന്റും ഹൃദ്രോഗ വിദഗ്ധനും ഷിക്കാഗോ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി ഫെയ്ൻബർഗ് സ്കൂൾ ഓഫ് മെഡിസിനിലെ ചെയർ ഓഫ് പ്രിവൻറീവ് മെഡിസിനുമായ ഡോ. ലോയ്ഡ് ജോൺസാണ് ഹൃദയാരോഗ്യത്തിന് ആവശ്യമായ ഏഴ് ഘടകങ്ങൾ നിർദ്ദേശിച്ചത്. ഉറക്കത്തിന്റെ പ്രാധാന്യം അന്നും വ്യക്തമായിരുന്നെങ്കിലും ദേശീയ ഡേറ്റാബേസുകളിൽ അതിന്റെ വിശദവിവരങ്ങൾ ലഭ്യമല്ലായിരുന്നു. അതുകൊണ്ടുതന്നെ, ഉറക്കത്തിന് എങ്ങനെ സ്കോർ നൽകണമെന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ടായിരുന്നതായി ഡോ. ലോയ്ഡ് ജോൺസ് ചൂണ്ടിക്കാട്ടി. എന്നാൽ ഇപ്പോൾ ഹൃദയാരോഗ്യത്തിന്റെ ഭാഗമാണ് ഉറക്കമെന്ന കാര്യത്തിൽ ശാസ്ത്രം ആവശ്യമായ തെളിവുകൾ നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like