“യേശു ക്രിസ്തു പരമോന്നതന്‍” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ

0

ന്യൂഡല്‍ഹി: താന്‍ വിശ്വസിക്കുന്നത് യേശു ക്രിസ്തുവിലാണെന്നും, യേശു ക്രിസ്തു പരമോന്നതനാണെന്നും പറഞ്ഞതിന്റെ പേരില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ജയിലില്‍ കഴിഞ്ഞുവരുന്ന പാക്കിസ്ഥാനി ക്രൈസ്തവ വിശ്വാസിക്ക് ലാഹോര്‍ കോടതി വധശിക്ഷ വിധിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ അഷ്ഫാഖ് മസി എന്ന ക്രിസ്ത്യന്‍ യുവാവിന് കോടതി വധശിക്ഷ വിധിച്ചത്. 2017 ജൂണില്‍ ബൈക്ക് നന്നാക്കിയതിന്റെ പണം ആവശ്യപ്പെട്ടതിന്റെ പേരില്‍ അഷ്ഫാഖ് ഒരു മുസ്ലീം കസ്റ്റമറുമായി തര്‍ക്കമുണ്ടായിരിന്നു. താനൊരു മുസ്ലിം മതവിശ്വാസിയായതിനാല്‍ തനിക്ക് ഇളവ് നല്‍കണമെന്ന് കസ്റ്റമര്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ‘ക്രിസ്തുവിലാണ് വിശ്വസിക്കുന്നത്’ എന്ന് പറഞ്ഞുകൊണ്ട് അഷ്ഫാഖ് ഈ ആവശ്യം നിരാകരിക്കുകയായിരിന്നു.

ഈ പ്രശ്നം വലിയതര്‍ക്കത്തിലും, അഷ്ഫാഖിന്റെ അറസ്റ്റിലുമാണ് അവസാനിച്ചത്. ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം “യേശുവാണ് പരമോന്നതന്‍” എന്ന് അഷ്ഫാഖ് പറഞ്ഞതോടെ മുഹമ്മദ്‌ നബിയെ നിന്ദിച്ചതായി തര്‍ക്കസ്ഥലത്ത് തടിച്ചുകൂടിയ ആളുകള്‍ ആരോപിക്കുകയായിരുന്നു. സാക്ഷികള്‍ ഹാജരാവാതിരിക്കുക, ജഡ്ജി വരാതിരിക്കുക, തുടങ്ങിയ പല കാരണങ്ങളാല്‍ 2019 മുതല്‍ ഈ കേസ് പലപ്രാവശ്യം നീട്ടിക്കൊണ്ടുപോയിരിന്നു. ഇക്കാലയളവില്‍ എല്ലാം അദ്ദേഹം തടവിലായിരിന്നു. ചങ്ങലകൊണ്ട് ബന്ധിച്ച നിലയില്‍ മനുഷ്യത്വരഹിതമായിട്ടാണ് അഷ്ഫാഖിനെ വിവിധ കോടതികളില്‍ ഹാജരാക്കിയത്.

ജീവന് ഭീഷണിയുള്ളതിനാല്‍ അഷ്ഫാഖിന്റെ കുടുംബം ലാഹോറില്‍ നിന്നും താമസം മാറ്റി എന്നാണ് അറിയുവാന്‍ കഴിഞ്ഞിട്ടുള്ളത്. വ്യക്തി വൈരാഗ്യം തീര്‍ക്കാനാണ് മതനിന്ദ നിയമം പാക്കിസ്ഥാനില്‍ പ്രാധാന്യമായും ഉപയോഗിക്കപ്പെടുന്നത്. പ്രവാചകനിന്ദ എന്ന പേരില്‍ ഏത് മുസ്ലിം കൊടുക്കുന്ന കേസും അതീവ പ്രാധാന്യത്തോടെയാണ് പാക്ക് പോലീസും കോടതിയും പരിഗണിക്കുന്നത്. 1947-ലെ വിഭജനത്തിന് ശേഷമാണ് പാക്കിസ്ഥാനില്‍ മതനിന്ദാനിയമം പ്രാബല്യത്തില്‍ വരുന്നത്. സിയാ-ഉള്‍-ഹഖ് അധികാരത്തിലിരുന്ന സമയത്ത് (1980-1986) ഈ നിയമത്തോടൊപ്പം ‘വധശിക്ഷ’, ജീവപര്യന്തം’ ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ കൂടി ചേര്‍ത്തിരിന്നു.

You might also like