തുര്‍ക്കിയില്‍ ചരിത്രപ്രാധാന്യമുള്ള ക്രിസ്ത്യന്‍ സെമിത്തേരി തകര്‍ത്തു
ഇസ്താംബൂള്‍: ക്രൈസ്തവ പുണ്യസ്ഥലങ്ങളും, ദേവാലയങ്ങളും അവഹേളിക്കപ്പെടുന്നത് പതിവായ പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യമായ തുര്‍ക്കിയില്‍ അരനൂറ്റാണ്ട് മുന്‍പ് നിര്‍മ്മിക്കപ്പെട്ട സെമിത്തേരിക്ക് നേര്‍ക്ക് ആക്രമണം. തെക്ക്-കിഴക്കന്‍ പ്രവിശ്യയായ മാഡിനില്‍ വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്‍മാരുടെ നാമധേയത്തില്‍ സമര്‍പ്പിക്കപ്പെട്ട പുരാതന സെമിത്തേരിയാണ് തകര്‍ക്കപ്പെട്ടത്. കല്ലറകള്‍ തകര്‍ക്കപ്പെട്ട നിലയിലും, അടക്കം ചെയ്യപ്പെട്ടവരുടെ ഭൗതീകാവശിഷ്ടങ്ങളും, അന്ത്യകര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കുന്ന വസ്തുക്കളും അങ്ങിങ്ങായി ചിതറിക്കിടക്കുന്ന വിധത്തിലുമാണ് കണ്ടെത്തിയതെന്ന് ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേന്‍ റിപ്പോര്‍ട്ട് ചെയ്തു.
വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്‍മാരുടെ തിരുനാള്‍ ദിനമായ ജൂണ്‍ 29ന് തന്നെ സെമിത്തേരിയില്‍ അതിക്രമം നടന്നതില്‍ നിന്നും ഇത് മനപ്പൂര്‍വ്വമാണെന്ന സൂചന ശക്തമാണ്. അക്രമ സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സിറിയന്‍, അസ്സീറിയന്‍, കല്‍ദായ വിശ്വാസികള്‍ ഉള്‍പ്പെടുന്ന പ്രാദേശിക ക്രൈസ്തവ സമൂഹം വര്‍ഷം തോറും സെമിത്തേരിയില്‍ ഒരുമിച്ച് കൂടുകയും കല്ലറകളില്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്ന തങ്ങളുടെ പൂര്‍വ്വികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഒന്നാം സഹസ്രാബ്ദത്തിലേതെന്നു കരുതപ്പെടുന്ന കല്ലറകളും ഈ സെമിത്തേരിയിലുണ്ട്. സെമിത്തേരി ആക്രമണത്തില്‍ പ്രദേശവാസികളായ ക്രൈസ്തവ സമൂഹം ശക്തമായ പ്രതിഷേധത്തിലാണ്. യസീദികള്‍ ഉള്‍പ്പെടെയുള്ള മറ്റ് മതവിഭാഗങ്ങളും ക്രൈസ്തവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
മേഖലയിലെ ചരിത്രപരമായ സ്ഥലങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചു കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് ക്രൈസ്തവരുടെ ആവശ്യം. പതിമൂന്നാം നൂറ്റാണ്ടു മുതല്‍ 1933 വരെ അന്തിയോക്കിലെ സിറിയന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കേറ്റിന്റെ ആസ്ഥാനം മാര്‍ഡിനിലായിരുന്നു. അതിനാല്‍ സ്ഥലത്തിന് ചരിത്രപരമായി വളരെയേറെ പ്രാധാന്യമുണ്ട്. മേഖലയിലെ ദേവാലയങ്ങളുടെയും, ആശ്രമങ്ങളുടെയും, സെമിത്തേരികളുടെയും നിയന്ത്രണം സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള ഒരു ഫൌണ്ടേഷന് നല്‍കിക്കൊണ്ട് 2018-ല്‍ നടത്തിയ നിയമനിര്‍മ്മാണം മേഖലയുടെ ചരിത്രപരമായ പ്രാധാന്യത്തിനുള്ള അംഗീകാരം കൂടിയാണ്.