രണ്ട് മാസത്തിനിടെ നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 68 ക്രൈസ്തവർ

0

ബെന്യു (നൈജീരിയ): കഴിഞ്ഞ രണ്ടുമാസത്തിനിടെ നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 68 ക്രൈസ്തവ വിശ്വാസികള്‍. ഇക്കാലയളവില്‍ നിരവധി ആളുകളെ തട്ടിക്കൊണ്ടു പോവുകയും, അനേകം പേർ ഭവനരഹിതരാവുകയും ചെയ്തു. ഫുലാനി മുസ്ലിം ഗോത്രവർഗ്ഗക്കാരിൽ നിന്നാണ് പ്രധാനമായും ആക്രമണം ഉണ്ടായതെന്ന് കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയത്തിൽ ഫെഡറൽ സർക്കാർ നിഷ്ക്രിയരാണെന്ന് മക്കുർഡി രൂപതയുടെ മെത്രാൻ ബിഷപ്പ് വിൽഫ്രഡ് ചിക്ബാ അനാഗ്ബേ പറഞ്ഞു.

പലായനം ചെയ്യേണ്ടി വന്ന 15 ലക്ഷം ആളുകളിൽ ആയിരങ്ങള്‍ക്കു അടിയന്തര സഹായങ്ങൾ എത്തിക്കേണ്ട ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ബെന്യൂ സംസ്ഥാനം ഭക്ഷ്യകൊട്ടയായി അറിയപ്പെടുന്ന സംസ്ഥാനമാണെന്നും, എന്നാൽ തീവ്രവാദ പ്രവർത്തനം ഭക്ഷ്യ വിതരണത്തെ ബാധിച്ചുവെന്നും ബിഷപ്പ് വിൽഫ്രഡ് ചിക്ബാ പറഞ്ഞു. ഇത് താങ്ങാൻ സാധിക്കാത്ത വിധം രൂക്ഷമായ ഭക്ഷ്യ ദൗർലഭ്യം ഉണ്ടാക്കി. തലസ്ഥാനമായ മക്കുർഡിയിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പലായനം ചെയ്ത് എത്തിയ 80 ശതമാനം ആളുകളും കഴിയുന്നതെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.

സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും, ആളുകൾക്ക് ഭക്ഷണവും, മറ്റ് അവശ്യവസ്തുക്കളും നൽകാൻ പ്രാദേശിക സഭ മുന്‍പില്‍ തന്നെയുണ്ട്. കൂടാതെ പലായനം ചെയ്ത് എത്തിയ കുട്ടികളുടെ വിദ്യാഭ്യാസ മുടങ്ങാതിരിക്കാൻ സ്കോളർഷിപ്പുകളും നൽകി വരുന്നുണ്ട്.

You might also like