ഓസ്ട്രേലിയയിൽ പാൻഡമിക് ലീവ് ആനുകൂല്യം വീണ്ടും നൽകാൻ തീരുമാനം
പാൻഡമിക് ലീവ് ആനുകൂല്യം വീണ്ടും നൽകി തുടങ്ങുവാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു. ജൂൺ മാസത്തോടെ ഈ പദ്ധതി അവസാനിച്ചെങ്കിലും, അത് പുനസ്ഥാപിക്കാൻ ദേശീയ ക്യാബിനറ്റ് യോഗം തീരുമാനിച്ചു. സെപ്റ്റംബർ 30 വരെ പദ്ധതി തുടരാനാണ് സർക്കാരിന്റെ തീരുമാനം. പദ്ധതിയുടെ ചിലവ് ഫെഡറൽ സർക്കാരും സംസ്ഥാന, ടെറിട്ടറി സർക്കാരുകളും തുല്യമായി വഹിക്കും. 17 വയസോ, അതിൽ കൂടുതലോ പ്രായമുള്ള ഓസ്‌ട്രേലിയൻ പൗരന്മാർ, PR അല്ലെങ്കിൽ ഓസ്‌ട്രേലിയയിൽ ജോലി ചെയ്യാൻ കഴിയുന്ന വിസ ഉള്ളവർ പാൻഡമിക് ലീവ് ആനുകൂല്യത്തിന് അർഹരാണ്.
പതിനായിരം ഡോളറിൽ കൂടുതൽ പണമായോ, സമ്പാദ്യമായോ, എളുപ്പത്തിൽ പണമാക്കി മാറ്റാൻ കഴിയുന്ന രീതിയിലുള്ള ആസ്തികളോ ഉള്ളവർ ഇതിനു യോഗ്യരല്ല.
സെന്റർലിങ്കുമായി ബന്ധിപ്പിച്ച myGov അക്കൗണ്ട് വഴിയാണ് പാൻഡെമിക് ലീവ് ആനുകൂല്യത്തിന് അപേക്ഷിക്കേണ്ടത്. നിലവിൽ അക്കൗണ്ട് ഇല്ലാത്തവർ പുതിയ അക്കൗണ്ട് തുടങ്ങിയാൽ മാത്രമേ അപേക്ഷിക്കുവാൻ സാധിക്കൂ എന്ന് സർക്കാർ വ്യക്തമാക്കി. പിസിആർ അല്ലെങ്കിൽ റാപിഡ് ആന്റിജൻ ടെസ്റ്റ് ഫലം, ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നിവയാണ് തെളിവായി സ്വീകരിക്കുക.
സെൽഫ് ഐസൊലേഷൻ ചെയ്യുന്ന ഓരോ ഏഴ് ദിവസത്തെ കാലയളവിലും എത്രത്തോളം മണിക്കൂർ ജോലി നഷ്ടമായി എന്നതിനെ ആശ്രയിച്ചാണ് പാൻഡെമിക് പേ കണക്കിലാക്കുക. നിലവിലുണ്ടായിരുന്ന പദ്ധതിക്ക് സമാനമായ രീതിയിലാണ് പുതിയ പദ്ധതിയും പ്രവർത്തിക്കുന്നത്.
• ആഴ്ചയിൽ എട്ടുമണിക്കൂർ മുതൽ 20 മണിക്കൂർ വരെ നഷ്ടപ്പെട്ടാൽ 450 ഡോളർ ആനുകൂല്യത്തിന് അർഹതയുണ്ട്.
• 20 മണിക്കൂറോ അതിൽ കൂടുതലോ ജോലി നഷ്ടപ്പെട്ടുവെന്നാൽ 750 ഡോളർ ക്ലെയിം ചെയ്യാവുന്നതാണ്
• അത് പോലെ തന്നെ സെൽഫ് ഐസൊലേഷൻ, ക്വാറന്റൈൻ പരിചരണം എന്നിവക്കായി ഒരാഴ്ചയിൽ എട്ടുമണിക്കൂറിൽ താഴെയാണ് നഷ്ടമായതെങ്കിൽ പാൻഡെമിക് ലീവ് ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.