കനത്തമഴ; മൂവാറ്റുപുഴ അപ്രോച്ച് റോഡില്‍ ഗര്‍ത്തം, എംസി റോഡില്‍ വണ്‍വേ
കനത്തമഴയെ തുടര്‍ന്ന് എറണാകുളം മുവാറ്റുപുഴയിലെ അപ്രോച്ച് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. കച്ചേരിതാഴത്ത് പാലത്തിനു സമീപമാണ് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്ന എം സി റോഡിലാണ് ഗര്‍ത്തം. ഇതേ തുടര്‍ന്ന് വാഹനങ്ങള്‍ വഴി തിരിച്ച് വിടുകയാണ്.
അപ്രോച്ച് റോഡിനടിയില്‍ മണ്ണ് ഒലിച്ചുപോയെന്ന് സംശയമുള്ളതിനാല്‍ വിശദമായ പരിശോധന ഇന്ന് നടത്തും. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. അതേസമയം പ്രദേശത്ത് മഴ തുടരുകയാണ്. ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി തുടങ്ങി. ഇതോടെ മൂവാറ്റുപുഴയിലെ ക്യാമ്പുകളുടെ എണ്ണം മൂന്നായി.
250 പേരാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. 120ല്‍ അധികം വീടുകളില്‍ വെള്ളം കയറി. മഴക്കെടുതിയില്‍ എറണാകുളം ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പ് കൂടി തുറന്നിട്ടുണ്ട്. അതേസമയം മൂന്ന് ദിവസം കൂടി അതിതീവ്രമഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മഴയെ തുടര്‍ന്ന് 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.